ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം കഠിന തടവും 66,000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി എം മനുവിനെതിരെ ആണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടെ വിധി. പിഴ അടച്ചില്ലെങ്കില്‍ ആറുവര്‍ഷവും ഒന്‍പത് മാസവും അധികമായി ശിക്ഷ അനുഭവിക്കണം. പ്രതിയുടെ പേരിലുളള ആറ് കേസുകളില്‍ രണ്ടാമത്തേതിലാണ് ജഡ്ജി അഞ്ജു മീര ബിര്‍ളയുടെ വിധി.
മൂന്നാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആദ്യ കേസിലെ ശിക്ഷാ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കൂ. ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 427 പ്രകാരം, പ്രതിയുടെ ഓരോ കേസുകളിലെയും ശിക്ഷാ കാലാവധി കഴിയുന്നത് അനുസരിച്ച് അടുത്ത കേസിലെ ശിക്ഷ നടപ്പിലാക്കണം എന്ന് പ്രോസിക്യൂഷന് വാദിച്ചു. അത് പരിഗണിച്ചാണ് കോടതി പ്രത്യേകം ശിക്ഷാ കാലാവധി വിധിച്ചത്. തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലനകേന്ദ്രത്തില്‍ 2018 ലാണ് കുട്ടി പരിശീലനത്തിനായി എത്തിയത്. ഇതിനിടെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ നഗ്ന ഫോട്ടോയും വീഡിയോയും പ്രതി എടുത്തു. പ്രതിയുടെ ഇഷ്ടത്തിന് വഴങ്ങാതിരുന്നതോടെ പെണ്‍കുട്ടിക്ക് ശരിയായ പരിശീലനം നല്‍കാതെയായി. 2019 ല്‍ കുട്ടി പരിശീലനത്തിനായി മറ്റൊരു സ്ഥലത്തേക്ക് പോകുകയായിരുന്നു. പീഡനം പുറത്ത് പറഞ്ഞാല്‍ ക്രിക്കറ്റ് ഭാവി തകര്‍ക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ട് കുട്ടി പീഡന വിവരം കുട്ടി പുറത്ത് പറഞ്ഞില്ല.
ഈ കുട്ടിക്ക് പുറമെ പരിശീലനത്തിന് എത്തിയ മറ്റ് അഞ്ച് കുട്ടികളെയും പ്രതി പീഡിപ്പിച്ചു. ഭയം കാരണം കുട്ടികള്‍ വേറെ സ്ഥലത്തേക്ക് പരിശീലനത്തിനു പോയി. ഇവരും സംഭവം പുറത്ത് പറഞ്ഞില്ല. 2024ല്‍, തിരുവനന്തപുരത്തുവച്ച് നടന്ന പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ എത്തിയ പീഡനത്തിന് ഇരയായ ഒരു പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്കുശേഷം പ്രതിയെ കണ്ടു. കുട്ടി ഭയന്നു ബഹളം വച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
ഈ കുട്ടി പരാതി നല്‍കിയതോടെയാണ് മറ്റു കുട്ടികള്‍ക്കും കേസ് നല്‍കാനുള്ള ധൈര്യം ലഭിച്ചത്. തുടര്‍ന്ന് പ്രതിക്കെതിരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ നാല് കേസുകളുടെ വിചാരണ പൂര്‍ത്തിയായി ഒരു കേസില്‍ പ്രതിയെ ഇതേ കോടതി കഴിഞ്ഞ മാസം ശിക്ഷിച്ചിരുന്നു. കുറ്റക്കാരനായി കണ്ടെത്തിയ മൂന്നാമത്തെ കേസില്‍ ശനിയാഴ്ച വിധി പറയും. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര് എസ് വിജയ് മോഹന്‍, അഭിഭാഷകരായ സുരഭി, എച്ച് രവികൃഷ്ണന്‍ തമ്പി എന്നിവര്‍ ഹാജരായി. കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പ്രജീഷ് ശശി, സബ് ഇന്‍സ്പെക്ടര്‍മാരായ എസ് ഷെഫിന്, നിതിന്‍ നളന് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്.
