സിഎംആര്‍എല്‍-എക്സാലോജിക്ക് മാസപ്പടി കേസില്‍ വീണ വിജയന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. 29-ന് ഹാജരാകാകേണ്ട വീണയെ ഇഡി നേരത്തെ വിളിപ്പിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച വീണയെ ചോദ്യം ചെയ്തപ്പോള്‍ നേരത്തെ എസ്എഫ്ഐഒ പിടിച്ചെടുത്ത രേഖകള്‍ ഇഡിക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെയാണ് രേഖകള്‍ ലഭിച്ചതിനെ തുടര്‍ന്ന് വീണയെ വീണ്ടും വിളിപ്പിച്ചത്. കഴിഞ്ഞയാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ തന്നെ രേഖകള്‍ ലഭിച്ച ശേഷം വീണ്ടും വിളിപ്പിക്കുമെന്നു അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് ഇന്ന് വീണ്ടും വീണയെ വിളിപ്പിച്ചതും. സി.എം.ആർ.എൽ.-എക്സാലോജിക് കേസിൽ എസ്എഫ്ഐഓ രേഖകൾകഴിഞ്ഞദിവസമാണ് ഇഡിക്ക് കൈമാറിയത്.
കേസുമായി ബന്ധപ്പെട്ട് ആദ്യം അന്വേഷണം നടത്തിയ എസ്എഫ്ഐഓ കണ്ടെത്തിയ തെളിവുകൾ ഉൾപ്പെടുന്ന 134 രേഖകളാണ് കൈമാറിയത്. ഈ രേഖകള്‍ കേസിനെക്കുറിച്ച് നിര്‍ണായക തെളിവാണ്. കേസ് സാമ്പത്തിക കുറ്റകൃത്യമായി കണ്ടാണ് എസ്എഫ്ഐഒ അന്വേഷിച്ചത്. അതുകൊണ്ട് ആദായ നികുതി കേസിലെപ്പോലെ പിഴയടിച്ച് പിന്‍വാങ്ങാന്‍ വീണയ്ക്ക് കഴിയില്ല. എറണാകുളത്തെ പ്രത്യേക കോടതിയിലാണ് ഈ രേഖകളുടെ ഡിജിറ്റൽ പകർപ്പുകൾ അടങ്ങിയ ഹാർഡ് ഡിസ്ക് എസ്എഫ്ഐഒ മുദ്രവെച്ച് കൈമാറിയത്. കോടതിയാണ് ഇത് ഇഡിക്ക് കൈമാറിയത്.
നേരത്തെ വീണയെ ഇഡി ചോദ്യംചെയ്തപ്പോൾ നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു. എസ്എഫ്ഐഒ രേഖകളും മൊഴികളും നിരത്തിയാകും ചോദ്യം ചെയ്യല്‍. അന്വേഷണം പിണറായി വിജയനും കുരുക്കാണ്. വീണ പണം കൈപ്പറ്റിയത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് വേണ്ടിയുള്ള കൈക്കൂലി ആയിരുന്നെനാണു കേസില്‍ കോടതിയേ സമീപിച്ച ഷോണ്‍ ജോര്‍ജ് ആരോപിക്കുന്നത്. പിണറായി വിജയന് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലുടനീളവും അതിനുമുമ്പും കേരളത്തിന്റെ തീരദേശത്തെ കരിമണല്‍ കൊള്ള ചെയ്യാന്‍ സി എം ആര് എല്‍ കമ്പനിക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതിനുള്ള പ്രതിഫലമാണ് വീണയിലൂടെ പിണറായി കൈപ്പറ്റിയിരിക്കുന്നത് എന്നാണ് ഷോണ്‍ ആരോപിക്കുന്നത്. വളരെ ഗുരുതരമായ ആരോപണമാണിത്.
മാസപ്പടിക്കേസിൽ പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെന്നുള്ള കത്ത് ഇഡിക്ക് ഷോൺ നല്‍കിയിരുന്നു. വിദേശ അക്കൗണ്ടുകളെ പറ്റിയും അന്വേഷണം വേണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. പിണറായിയുടെ വീട്ടില്‍ നടന്ന റെയ്ഡിലെ ആക്രമണത്തെ തുടര്‍ന്ന് ഇഡി ഡയറക്ടര്‍ നേരിട്ട് കൊച്ചിയില്‍ എത്തിയിരുന്നു. ഈ യോഗത്തില്‍ ഷോണ്‍ പറഞ്ഞ ആരോപണം തന്നെയാണ് അന്വേഷിക്കാന്‍ ഇഡി ഡയരക്ടര്‍ നിര്‍ദേശം കൊടുത്തത്. മാസപ്പടി കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ആണ് ഇഡി അന്വേഷിക്കുന്നത് എന്നതിനാല്‍ അബുദാബിയിലെ അക്കൌണ്ടുകളുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായകമാകും. ഇത് വീണയ്ക്ക് അല്ല പിണറായിക്ക് തന്നെയാണ് കുരുക്കാകാന്‍ പോകുന്നത്. അതുകൊണ്ട് തന്നെ വീണയുടെ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സിപിഎമ്മും ഉറ്റുനോക്കുന്നത്.
