Home » Blog » Kerala » ആന്റണിയുടെ മകന്‍ കേന്ദ്രമന്ത്രിസഭയിലേക്ക്? സൂചനകള്‍ ശക്തമാകുന്നു
anil antony

ബിജെപിയില്‍ പാര്‍ട്ടി തല പുന:സംഘടനയ്ക്കും കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയ്ക്കും വഴി തെളിയുകയാണ്. ഇതിനു മുന്നോടിയായി തന്നെയാണ് കേന്ദ്രമന്ത്രിസഭയില്‍ നിന്നും സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവച്ചത്. രാജ്യസഭാ രാജ്യസഭ കാലാവധി പൂർത്തിയായതിനു പിന്നാലെയാണ് രാജി വന്നത്. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു ജോർജ് കുര്യൻ.
എന്നാല്‍ അദ്ദേഹത്തിനു വീണ്ടും രാജ്യസഭാ സ്ഥാനം നല്‍കിയിട്ടില്ല. കുര്യന്‍ രാജി കൊടുത്തതോടെ രാഷ്ട്രപതി ദ്രൗപദി മുർമു രാജി ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തു. മോദി മന്ത്രിസഭയിൽ ന്യൂനപക്ഷകാര്യം, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു ജോർജ് കുര്യൻ. മന്ത്രിസ്ഥാനം ഒഴിഞ്ഞ ജോർജ് കുര്യൻ പാർട്ടി സംഘടനാരംഗത്തേക്ക് മടങ്ങിയെത്തും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ജോര്‍ജ് കുര്യന്‍ മത്സരിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. . കേരളത്തില്‍ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരില്‍ ഒരാളാണ് ഇപ്പോള്‍ ഇല്ലാതായത്. സുരേഷ് ഗോപി മാത്രമാണ് ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിസഭാംഗം. ജോര്‍ജ് കുര്യന്‍ രാജി സമര്‍പ്പിച്ചതോടെ ഈ ഒഴിവില്‍ ആരു വരും എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനായ അനിൽ ആന്റണിയോ മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനോ മന്ത്രിയാകാനുള്ള സാധ്യതയാണ് തെളിയുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞ ശേഷം സുരേന്ദ്രന് പോസ്റ്റ് നല്‍കിയിട്ടില്ല. പക്ഷെ നിലവിലെ സൂചനകള്‍ പ്രകാരം അനില്‍ ആന്റണി കേന്ദ്രമന്ത്രിയാകാനുള്ള സാധ്യതയാണ് ശക്തമാകുന്നത്. കൃസ്ത്യന്‍ നേതാവിനെ തന്നെ കേന്ദ്രമന്ത്രിയാക്കുന്നത് ക്രൈസ്തവ സഭകളെ കേന്ദ്രം അവഗണിക്കുന്നില്ല എന്ന സൂചനയും നല്‍കും. ഇതിലും പുറമേ കേരളത്തില്‍ നിന്നുള്ള യുവനേതാവ്, ബിജെപി ദേശീയ സെക്രട്ടറി എന്ന നിലയില്‍ അനില്‍ ആന്റണിക്ക് കൂടുതല്‍ സാധ്യതയുണ്ട്. കേരളത്തില്‍ നിന്നും ഒരു മന്ത്രിയെ ഒഴിവാക്കുമ്പോള്‍ മറ്റൊരു മന്ത്രിയെ നല്‍കാനുള്ള സാധ്യത കൂടുതലാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണവും തൃശൂര്‍ എംപി സീറ്റും മൂന്നു എംഎല്‍എമാരും കേരളത്തില്‍ ബിജെപിക്കുണ്ട്. അതുകൊണ്ട് തന്നെ കേരളത്തെ അവഗണിക്കാനുള്ള സാധ്യത കുറവാണ്.

കേരളം പിടിക്കുകയാണ് ലക്ഷ്യമെന്നു പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പലകുറി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളത്തെ അവഗണിക്കാനുള്ള സാധ്യത കുറവാണ്. എന്‍എഫ്ഡിസി ചെയര്‍മാനായി സിനിമാ താരവും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെ ഈ അടുത്ത സമയത്താണ് മോദി സര്‍ക്കാര്‍ നിയോഗിച്ചത്. റബര്‍ ബോര്‍ഡ് ചെയര്‍മാനായി ബി ജെ പി നേതാവ് എൻ ഹരിയെ നിയോഗിച്ചതും കഴിഞ്ഞ ദിവസമാണ്. ഇതെല്ലാം കേരളത്തിനുള്ള കേന്ദ്ര പ്രാധാന്യമാണ് എടുത്തുകാണിക്കുന്നത്. അനില്‍ ആന്റണി വരുമോ അതോ കെ.സുരേന്ദ്രന്‍ വരുമോ എന്നാണ് അറിയാനുള്ളത്. അനില്‍ ആന്റണിക്ക് മന്ത്രി പദവി നല്‍കിയാല്‍ ബിജെപി പുന:സംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം കെ.സുരേന്ദ്രന് ലഭിച്ചേക്കും.