Home » Blog » Kerala » തിരുവനന്തപുരം മേയർക്കെതിരെ എൽ.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധത്തിൽ സംഘർഷം; രണ്ട് കൗൺസിലർമാർക്ക് പരുക്ക്
11

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് തിരുവനന്തപുരം മേയർക്കെതിരെ എൽ.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി പ്രവർത്തകർ ഓഫീസ് ഉപരോധിച്ചതോടെ നഗരസഭ യുദ്ധക്കളമായി മാറി. സംഘർഷത്തിനിടയിലൂടെ മേയർ പുറത്തുവന്ന് കാറിൽ കയറിയ സമയത്ത് സി.പി.എം പ്രവർത്തകർ മേയർക്കെതിരെ കൂക്കിവിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.

മേയറുടെ ചേംബറിന് മുന്നിൽ സി.പി.എം, ബി.ജെ.പി കൗൺസിലർമാർ തമ്മിൽ നേരിട്ട് ഏറ്റുമുട്ടി. എൽ.ഡി.എഫ് ഉപരോധത്തെ തുടർന്ന് മേയർ രാജേഷിനെ ഓഫീസിനുള്ളിലേക്ക് കയറ്റാൻ സമരക്കാർ സമ്മതിച്ചില്ല. ഇതോടെ കൗൺസിലർമാരും പ്രവർത്തകരും തമ്മിൽ വലിയ അടിപിടിയുണ്ടാവുകയും, സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ച പോലീസിനെതിരെയും മർദ്ദനമുണ്ടാവുകയും ചെയ്തു.

നഗരസഭയ്ക്ക് അകത്തുണ്ടായ സംഘർഷത്തിൽ സിപിഎമ്മിൻ്റെയും ബിജെപിയുടെയും രണ്ട് കൗൺസിലർമാർക്ക് പരിക്കേറ്റിട്ടുണ്ട്. സി.പി.എം കൗൺസിലർ കാട്ടായിക്കോണം സിന്ധു ശശി, ബി.ജെ.പി കൗൺസിലർ ദീപ പേരൂർക്കട എന്നിവർക്കാണ് പരിക്കേറ്റത്.