Home » Blog » Business » ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നത് വേഗത്തിലും സുതാര്യവുമാക്കി സ്റ്റാര്‍ ഹെല്‍ത്തിന്‍റെ ആറ്റം പ്രോ
8

കൊച്ചി: ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനിയുടെ എഐ അധിഷ്ഠിത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ആറ്റം പ്രോയിലൂടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഇനി കൂടുതല്‍ വേഗത്തിലും ലളിതമായും സുതാര്യമായും വാങ്ങാം.

ഉപഭോക്താക്കള്‍ക്ക് പോളിസിയുടെ സവിശേഷതകള്‍, റൈഡര്‍ ആനുകൂല്യങ്ങള്‍, വെയിറ്റിംഗ് പിരീഡുകള്‍, പ്രീമിയം നിരക്കുകള്‍ എന്നിവ വ്യക്തമായി മനസ്സിലാക്കാന്‍ ആറ്റം പ്രോ സഹായിക്കും. ഇതിലൂടെ ഏത് ഇൻഷുറൻസ് വേണമെന്ന് എളുപ്പത്തില്‍ തീരുമാനിക്കാനും വാങ്ങാനും സാധിക്കും.

ചുരുങ്ങിയ കാലയളവിനുള്ളിൽ ആപ്പിന് 1.8 ലക്ഷത്തിലധികം ഡൗണ്‍ലോഡുകളാണ് ലഭിച്ചത്. കമ്പനിയുടെ റീട്ടെയില്‍ പോളിസികളില്‍ 95 ശതമാനത്തിലധികവും ഇപ്പോൾ ആറ്റം പ്രോ വഴി ഡിജിറ്റലായാണ് ബുക്ക് ചെയ്യുന്നത്. 80 ശതമാനം പോളിസികളും അപേക്ഷ നൽകി വെറും അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ അനുവദിക്കുന്നു. ലീഡ് മാനേജ്മെന്‍റ് മുതല്‍ പോളിസി പുതുക്കലും ക്ലെയിം സേവനങ്ങളും വരെ മുഴുവന്‍ വിതരണ പ്രക്രിയയും ഈ പ്ലാറ്റ്‌ഫോമിലൂടെ ലഭിക്കും.

ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നത് ഉപഭോക്താക്കള്‍ക്ക് സങ്കീര്‍ണമായ ഒരു അനുഭവമായി മാറരുതെന്നും വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങള്‍, കാത്തിരിപ്പ് കാലയളവുകള്‍, പ്രീമിയം നിരക്കുകള്‍ എന്നിവ വ്യക്തമായി മനസ്സിലാക്കി കൃത്യമായ തീരുമാനമെടുക്കാന്‍ ആറ്റം പ്രോ ഉപഭോക്താക്കളെ സഹായിക്കുമെന്നും സ്റ്റാര്‍ ഹെല്‍ത്ത് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു.

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും സാങ്കേതികവിദ്യയിലും ഡാറ്റയിലും കൂടുതല്‍ നിയന്ത്രണം ഉറപ്പാക്കുന്നതിനുമായാണ് ആറ്റം പ്രോ വികസിപ്പിച്ചെടുത്തതെന്നും പുതിയ പദ്ധതി പരിഷ്കാരങ്ങളും നിയന്ത്രണ മാറ്റങ്ങളും വേഗത്തില്‍ നടപ്പാക്കാന്‍ ഈ പ്ലാറ്റ്‌ഫോമിന്‍റെ ഘടന സഹായിക്കുമെന്നും സ്റ്റാര്‍ ഹെല്‍ത്ത് ചീഫ് ഡിജിറ്റല്‍ ആന്‍ഡ് ടെക്നോളജി ഓഫീസര്‍ മുകേഷ് ശര്‍മ്മ വ്യക്തമാക്കി.

ഡിജിറ്റല്‍ ക്ലെയിം സെറ്റിൽമെൻ്റുകളിൽ പ്ലാറ്റ്‌ഫോം ഇതിനോടകം വലിയ മുന്നേറ്റം കൈവരിച്ചു കഴിഞ്ഞു. ഡിജിറ്റല്‍ ചാനലുകളിലൂടെ ലഭിക്കുന്ന റീഇംബഴ്സ്മെന്‍റ് ക്ലെയിമുകളുടെ നിരക്ക് മുൻപുണ്ടായിരുന്ന 8 ശതമാനത്തിൽ നിന്ന് 21 ശതമാനമായി ഉയർന്നതായി കമ്പനി അറിയിച്ചു. ഇതിൽ 17 ശതമാനവും നടക്കുന്നത് ആറ്റം പ്രോ വഴിയാണ്.

ഡിജിറ്റല്‍ രംഗത്തെ മികവിന് ആറ്റം പ്രോയ്ക്ക് ഇടിബിഎഫ്എസ്ഐ എഫ്ഐഎന്‍ഇഎക്സ്ടി അവാര്‍ഡ് 2026-ല്‍ ഇന്‍ഷൂര്‍ടെക് പ്രൊഡക്റ്റ് എക്സലന്‍സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

അടുത്ത മൂന്ന് മാസത്തിനുള്ളില്‍ കമ്പനിയുടെ മുഴുവന്‍ സജീവ ഏജന്‍റ് ശൃംഖലകളിലേക്കും ആറ്റം പ്രോയുടെ ഉപയോഗം വ്യാപിപ്പിക്കാനാണ് സ്റ്റാര്‍ ഹെല്‍ത്ത് ലക്ഷ്യമിടുന്നത്. കൂടുതല്‍ വേഗതയുള്ള സേവനവും മികച്ച ഉപഭോക്തൃ അനുഭവവും ഉറപ്പാക്കിക്കൊണ്ട് കമ്പനിയുടെ ഡിജിറ്റല്‍ വളര്‍ച്ചയിലെ സുപ്രധാന ചുവടുവെപ്പായി മാറിയിരിക്കുകയാണ് ആറ്റം പ്രോ.