കേരളത്തിൽ വിവാഹിതയായ കുംഭമേള താരത്തിന് സുരക്ഷ ലഭിക്കുന്നതിന്, അവർ താമസിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങൾ പോലീസിന് കൈമാറി. മിശ്രവിവാഹിതരായ തങ്ങളുടെ ജീവന് കടുത്ത ഭീഷണിയുണ്ടെന്നും മധ്യപ്രദേശ് പോലീസ് തങ്ങളെ വേട്ടയാടുകയാണെന്നും കാണിച്ച് യുവതിയും ഭർത്താവ് മുഹമ്മദ് ഫർമാനും നൽകിയ ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൂടാതെ ദമ്പതികൾക്ക് അടിയന്തര സംരക്ഷണം നൽകാൻ കോടതി എറണാകുളം സെൻട്രൽ പോലീസിന് നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ, സുരക്ഷയൊരുക്കുന്നതിനായി യുവതി നിലവിൽ താമസിക്കുന്ന എറണാകുളം, കോട്ടയം ജില്ലകളിലെ രണ്ട് മേൽവിലാസങ്ങൾ അഭിഭാഷകൻ വഴി പോലീസിന് കൈമാറിയിട്ടുണ്ട്. ഇപ്പോൾ ഇവർ എറണാകുളത്താണ് താമസമെന്നും അധികൃതരെ അറിയിച്ചു.
തങ്ങൾ നിയമപരമായി വിവാഹിതരായതാണെങ്കിലും ഭർത്താവ് മുഹമ്മദ് ഫർമാനെതിരേ മധ്യപ്രദേശ് പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുകയാണെന്ന് യുവതി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ അഭയം തേടിയ പെൺകുട്ടിയെ കണ്ടെത്താനായി മധ്യപ്രദേശ് പോലീസ് കഴിഞ്ഞ ദിവസം എറണാകുളത്തെ ഏലൂരിൽ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടലിലൂടെ ദമ്പതികൾക്ക് കേരള പോലീസ് സുരക്ഷയൊരുക്കുന്നത്. കേസ് വരുംദിവസങ്ങളിൽ കൂടുതൽ നിയമപോരാട്ടങ്ങളിലേക്ക് നീങ്ങുമെന്നാണ് സൂചന.
