Home » Blog » kerala Max » മുംബൈയിൽ യാത്രക്കാർ തമ്മിൽ വാക്കേറ്റം; ഓടുന്ന ട്രെയിനിൽ യുവാവ് കുത്തേറ്റു മരിച്ചു
new-project-2026-06-24t212405874

മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ തുടര്‍ന്ന് ട്രെയിനിന്റെ വാതില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. മായങ്ക് ലൊഹാര്‍ എന്ന 21കാരനാണ് മരിച്ചത്.
ചര്‍ച്ച് ഗേറ്റ് – നൽസെപാറ ഫാസ്റ്റ് ലോക്കല്‍ ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ട്‌മെന്റിലാണ് സംഭവമുണ്ടായത്. ഇതേ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന റോഷന്‍ സുവര്‍ണ എന്ന യുവാവാണ് മായങ്കിനെ കൊലപ്പെടുത്തിയത്. ട്രെയിന്‍ ഗൊറേഗാവിനും കന്തിവാലിക്കും ഇടയില്‍ എത്തിയപ്പോഴാണ് ശക്തമായ മഴയെ തുടര്‍ന്ന് ട്രെയിനിന്റെ വാതില്‍ അടക്കുന്നതുമായി ബന്ധപ്പെട്ട് യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്നത്.

തുടര്‍ന്ന് തര്‍ക്കം മൂര്‍ച്ഛിക്കുകയും റോഷന്‍ തന്റെ ബാഗില്‍ ഉണ്ടായിരുന്ന കത്തി എടുത്ത് മായങ്കിനെ കുത്തുകയുമായിരുന്നു. മായങ്ക് തല്‍ക്ഷണം തന്നെ മരിച്ചു.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിന്‍ പ്രചരിച്ചിരുന്നു. കത്തിയുമായി നില്‍ക്കുന്ന റോഷനെയും ഇയാളെ പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുന്ന മറ്റ് യാത്രക്കാരെയും ദൃശ്യങ്ങളില്‍ കാണാം. മുംബൈയിലെ കുര്‍ലയില്‍ നിന്നായിരുന്നു പിന്നീട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മായങ്കിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും