തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെ ചൊല്ലി നിയമസഭയില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മില്‍ കടുത്ത വാക്പോര്. പി.എം ശ്രീ കരാറില്‍ ഒപ്പുവെച്ചത് പിൻവലിക്കാനായിരുന്നോ, നടപ്പാക്കാനായിരുന്നോ എന്ന ചോദ്യവുമായി മുഖ്യമന്ത്രി രംഗത്തെത്തി. ഇതോടെയാണ് സഭയില്‍ വാദപ്രതിവാദം കടുത്തത്.
ആര്‍.എസ്.എസ് വിഷസര്‍പ്പങ്ങള്‍ക്ക് മുന്നില്‍ വിളക്ക് കൊളുത്തിയത് ഇടത് സര്‍ക്കാരാണെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. എന്നാല്‍ “ഇപ്പോള്‍ പി.എം ശ്രീ ഇല്ല, അത് നടപ്പായിട്ടില്ല” എന്നായിരുന്നു പിണറായി വിജയന്റെ മറുപടി. പി.എം ശ്രീ നടപ്പാക്കേണ്ടതില്ലെന്നത് ഇടത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമായിരുന്നുവെന്ന് പിണറായി വ്യക്തമാക്കി.
“ഞങ്ങള്‍ അത് നടപ്പാക്കിയില്ല. നിങ്ങളാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. എസ്.എസ്.കെ ഫണ്ട് തടഞ്ഞതുകൊണ്ടാണ് ഒപ്പുവെച്ചത്,” -എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഭരണപക്ഷം പിണറായിയെ പരിഹസിച്ച് രംഗത്തെത്തി.
അതേസമയം, ദേശീയ വിദ്യാഭ്യാസ നയം (NEP) കേരളത്തില്‍ നടപ്പാക്കില്ലെന്ന് നേരത്തേ തന്നെ തീരുമാനിച്ചിരുന്നുവെന്നും, ഇപ്പോഴും ആ നിലപാടില്‍ മാറ്റമില്ലെന്നും പിണറായി വ്യക്തമാക്കി. “ഇമ്മാതിരി ആളെ കൊണ്ട് വച്ചാല്‍ നിങ്ങള്‍ അപകടത്തിലാകും,” എന്നായിരുന്നു പിണറായിയുടെ തിരിച്ചടി.
ഇതിന് മറുപടിയായി ആര്‍.എസ്.എസ് മുന്നില്‍ കീഴടങ്ങിയാണ് കരാറില്‍ ഒപ്പുവെച്ചതെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. എന്നാല്‍ “ഞങ്ങള്‍ പി.എം ശ്രീ നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ല. എന്‍.ഇ.പി ഒരിക്കലും നടപ്പാക്കില്ല” എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
