തിരുവനന്തപുരം: പി.എം ശ്രീ വിഷയത്തിൽ സിപിഎമ്മിന്റെ വിമര്ശനങ്ങള്ക്കെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പി.എം ശ്രീയിൽ ഒപ്പിട്ടതോടെ കേന്ദ്ര സർക്കാറിന് മുന്നിൽ കഴുത്തും കത്തിയും കൊടുത്തത് പിണറായി സർക്കാറാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ‘കരാറിൽനിന്ന് പിന്മാറാനുള്ള ഏക അധികാരവും അവകാശവും കേന്ദ്ര ഗവൺമെന്റിന് മാത്രമാണുള്ളതെന്നാണ് 2025 ഒക്ടോബർ 16ന് നിങ്ങൾ ഒപ്പിട്ട ആ ധാരണാപത്രത്തിൽ പറയുന്നത്.
കേന്ദ്ര ഗവൺമെന്റിന് നിങ്ങൾ ഒപ്പിട്ടു കൊടുത്താണിത്. കഴുത്തും കത്തിയും കൂടി നിങ്ങൾ അവിടെ കൊടുത്തു. പൊതുതാല്പര്യം മുൻനിർത്തി 30 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകി ഈ കരാർ റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം കേന്ദ്രസർക്കാരിൽ മാത്രം നിക്ഷിപ്തമായിരിക്കുന്നു. ഇതാണ് ഇടതുപക്ഷം ഒപ്പിട്ട കരാറിലെ വ്യവസ്ഥ. സത്യത്തിൽ സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ ബലികഴിച്ച് പിണറായി സർക്കാർ ഒപ്പുവെച്ച ഒരു കരാറിനെ കുറിച്ചാണ് ഇപ്പോൾ വ്യാജപ്രചാരണം നടത്തുന്നവർ ഓർക്കേണ്ടത്. ഈ സർക്കാർ അധികാരത്തിൽ വന്നിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ഞങ്ങൾ ഒരു കരാർ എവിടെയും ഒപ്പിട്ടിട്ടില്ല. നിങ്ങൾ ചെയ്തതുപോലെ നിഗൂഢമായ പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല.
എല്ലാവരെയും ഇരുട്ടിൽ നിർത്തി, ക്യാബിനറ്റിൽ പോലും ചർച്ച ചെയ്യാതെ വളരെ ഗൂഢമായി രഹസ്യമായി ഒപ്പുവെച്ച ഒരു കരാറാണിത്. സഖ്യകക്ഷികളെ പോലും അറിയിക്കാതെ പരമരഹസ്യമായിട്ട് ചെയ്തു. മുഖ്യമന്ത്രിയുടെ ഒത്താശയോടു കൂടി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയാണ് ഈ പണികളൊക്കെ ചെയ്തത്. ആ ജാള്യത മറക്കാനാണ് ഞങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. നിങ്ങൾ ഒപ്പിട്ട കരാർ നിങ്ങൾ റദ്ദാക്കി എന്നാണ് നിങ്ങളുടെ വാദം. എവിടെ റദ്ദാക്കി? ആ കത്ത് ഞാൻ വായിക്കാം. നിങ്ങൾ കൊടുത്തത് 2025 നവംബർ 12ന് നൽകിയ കത്തിൽ കരാർ റദ്ദാക്കണമെന്നോ തുടർ നടപടി വേണ്ടെന്നോ പറയുന്നില്ല. ആശങ്കകൾ ചർച്ച ചെയ്യാൻ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് വരുന്നതുവരെ എംഓയു നടപ്പാക്കുന്നത് താൽക്കാലികമായി നീട്ടി വെക്കേണ്ടതാണെന്ന് അറിയിച്ചു. -ഷംസുദ്ദീൻ പറഞ്ഞു.
