കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾ മരണപ്പെട്ടു. രാവിലെ സ്കൂളിൽ പോകാനായി ബസ് കാത്തുനിന്ന കുട്ടികളുടെ മുകളിലേക്കാണ് മണ്ണ് കയറ്റി വന്ന ലോറി മറിഞ്ഞത്. അപകടത്തിൽപ്പെട്ട അഞ്ചിലധികം കുട്ടികൾ മണ്ണിലും ടിപ്പറിനടിയിലും അകപ്പെടുകയായിരുന്നു.
അപകടം നടക്കുമ്പോൾ എട്ടോളം പേർ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ലോറിയുടെ അമിതവേഗതയാണ് ദുരന്തത്തിന് കാരണമായതെന്നാണ് സൂചന. അപകടമുണ്ടായ ഉടൻ തന്നെ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. മണ്ണുമാന്തി യന്ത്രങ്ങളും ക്രെയിനും ഉപയോഗിച്ച് മറിഞ്ഞ ടിപ്പർ ഉയർത്തിയാണ് അടിയിൽപ്പെട്ടവരെ പുറത്തെടുത്തത്. മൂന്ന് കുട്ടികളുടെ മരണം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. മണ്ണിനടിയിൽ നിന്നും ലോറിക്കടിയിൽ നിന്നും പുറത്തെടുത്ത അഞ്ച് കുട്ടികളുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റിയിരിക്കുകയാണ്.
