ഉദ്ധവ് താക്കറെയുടെ ശിവസേനയില്‍ നിന്നും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയിലേക്ക് ആറ് എംപിമാര്‍ ഔദ്യോഗികമായി ചേര്‍ന്നു. ഓപ്പറേഷന്‍ ടൈഗര്‍ വിജയിച്ചു, ആറ് പുലികള്‍ ഇപ്പോള്‍ യഥാര്‍ഥ ശിവസേനയില്‍ എത്തിയിരിക്കുന്നു എന്നായിരുന്നു ഉദ്ധവ് പക്ഷെ എംപിമാരെ സ്വാഗതം ചെയ്തതു കൊണ്ടുള്ള ഏക്നാഥ് ഷിൻഡെയുടെ പ്രഖ്യാപനം. യുബിടി വിഭാഗത്തിലെ വിമത എംപിമാരായ നാഗേഷ് അസ്തികര്‍, സഞ്ജയ് ജാദവ്, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ദിന പാട്ടീല്‍, ഓംപ്രകാശ് രാജേനിംബാല്‍ക്കര്‍, ഭാവുസാഹേബ് വക്ചൗരെ എന്നിവരാണ് ഷിന്‍ഡെ പക്ഷത്തേക്ക് ചേര്‍ന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഏക്നാഥ് ഷിന്‍ഡെ ഇവരുമായി വേദി പങ്കിട്ടുകൊണ്ടാണ് പ്രഖ്യാപനം നടത്തിയത്.
‘2022 ല്‍ ഉണ്ടായ 40 എംപിമാരുടെ കലാപത്തിൻ്റെ രണ്ടാം ഘട്ടമാണ് ഇത്. 40 എംപിമാരുമായി തുടങ്ങിയത് ഇന്ന് സിക്‌സര്‍ ആണ്. കൂറുമാറ്റമല്ല, മറിച്ച് പാര്‍ട്ടിയിലുള്ള വിശ്വാസത്തിന്‍റെ ഭാഗമായാണ് എല്ലാ എംപിമാരും പാര്‍ട്ടിയില്‍ ചേര്‍ന്ന’തെന്ന് ഷിന്‍ഡെ വ്യക്തമാക്കി.നാല് വര്‍ഷത്തിനിടെ ഉദ്ധവ് പക്ഷം നേരിടുന്ന രണ്ടാമത്തെ പിളര്‍പ്പാണിത്. കഴിഞ്ഞ വ്യാഴാഴ്ച ഡല്‍ഹിയില്‍ നടന്ന നിര്‍ണായകമായ പാര്‍ലമെന്റെറി പാര്‍ട്ടി യോഗത്തില്‍ നിന്ന് പാര്‍ട്ടി വിപ്പ് ലംഘിച്ച് ഒന്‍പതില്‍ ആറ് എംപിമാരും വിട്ടുനിന്നിരുന്നു. ഇതേത്തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും അല്ലാത്തപക്ഷം കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കുമെന്നും ചീഫ് വിപ്പ് അനില്‍ ദേശായി എംപിമാര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഇതോടെയാണ് പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്തകൾ പുറത്തുവന്നത്.
