Home » Blog » Kerala » മെസ്സിയുടെ പിതാവ് മരിച്ചെന്ന് വ്യാജവാർത്ത നൽകി; പ്രെസന്റർക്കും സംഘത്തിനും കടുത്ത ശിക്ഷ, ജോലി തെറിച്ചു
images (36)

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ പിതാവ് ജോർജ് മെസ്സിയുടെ മരണവാർത്ത മുൻകൂട്ടി പരിശോധിക്കാതെ തെറ്റായി പ്രക്ഷേപണം ചെയ്ത പ്രമുഖ ടിവി അവതാരകയ്ക്കും പ്രൊഡക്ഷൻ ടീം അംഗങ്ങൾക്കും ജോലി നഷ്ടപ്പെട്ടു. അർജന്റീനയിലെ പ്രശസ്ത മാധ്യമമായ ‘ലുസു ടിവി’യിലെ അവതാരക ഫ്ലോറൻസിയ പെനയ്ക്കാണ് ലൈവ് ഷോയ്ക്കിടെ ഉണ്ടായ ഗുരുതരമായ വീഴ്ചയെത്തുടർന്ന് ചാനലിൽ നിന്നും പുറത്തുപോകേണ്ടി വന്നത്. മെസ്സിയുടെ പിതാവ് അന്തരിച്ചുവെന്നും, നിലവിൽ നടക്കുന്ന 2026 ഫിഫ ലോകകപ്പിലെ വരാനിരിക്കുന്ന മത്സരങ്ങളിൽ മെസ്സി പങ്കെടുക്കില്ലെന്നും പെന തത്സമയം വാർത്ത നൽകുകയായിരുന്നു. എന്നാൽ വാർത്ത കാട്ടുതീ പോലെ പടർന്നതോടെ മെസ്സി കുടുംബം ഔദ്യോഗിക പ്രസ്താവനയുമായി രംഗത്തെത്തി. ജോർജ് മെസ്സി നിലവിൽ കൃത്യമായ മെഡിക്കൽ മേൽനോട്ടത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും വ്യക്തമാക്കിയ കുടുംബം, മരണവാർത്ത വെറും അഭ്യൂഹം മാത്രമാണെന്ന് സ്ഥിരീകരിച്ചു.

പിതാവ് സുഖമായിരിക്കുന്നുവെന്ന കുടുംബത്തിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ അവതാരക ഫ്ലോറൻസിയ പെന പരസ്യമായി ക്ഷമാപണവുമായി രംഗത്തെത്തി. തനിക്കുണ്ടായ വലിയ വീഴ്ചയിൽ അങ്ങേയറ്റം ലജ്ജിക്കുന്നുവെന്നും, ലൈവ് പ്രക്ഷേപണത്തിനിടെ പ്രൊഡക്ഷൻ ടീം നൽകിയതും സ്ഥിരീകരിച്ചതുമായ വിവരങ്ങൾ വിശ്വസിച്ചാണ് താൻ വാർത്ത വായിച്ചതെന്നും പെന സ്പാനിഷ് ഭാഷയിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. തെറ്റായ വിവരങ്ങൾ നൽകിയ പ്രൊഡക്ഷൻ ടീമിനെ കുറ്റപ്പെടുത്തിയെങ്കിലും, വാർത്തയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ലുസു ടിവിയിൽ നിന്നും മാറിനിൽക്കാൻ താൻ സ്വയം തീരുമാനിക്കുകയായിരുന്നുവെന്ന് അവർ വ്യക്തമാക്കി. ഈ സംഭവത്തിൽ ലുസു ടിവി മാനേജ്മെന്റും കടുത്ത നിലപാടാണ് സ്വീകരിച്ചത്.

മുൻകൂർ പരിശോധന കൂടാതെ ഇത്തരത്തിലുള്ള സെൻസിറ്റീവ് വിവരങ്ങൾ സംപ്രേഷണം ചെയ്യുന്നത് ചാനലിന് അസ്വീകാര്യമാണെന്ന് വ്യക്തമാക്കിയ മാനേജ്മെന്റ്, ഫ്ലോറൻസിയ പെനയെ മാറ്റിയതിന് പുറമെ ഇതിന് ഉത്തരവാദികളായ മുഴുവൻ പ്രൊഡക്ഷൻ ക്രൂ അംഗങ്ങളെയും ജോലിയിൽ നിന്നും അടിയന്തരമായി പിരിച്ചുവിട്ടതായും ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

ലോകകപ്പ് ആവേശത്തിനിടയിലാണ് മെസ്സിയെയും കുടുംബത്തെയും ഈ വ്യാജ വാർത്ത പിടിച്ചുലച്ചത്. കഴിഞ്ഞ ജൂൺ 16-ന് നടന്ന ആദ്യ മത്സരത്തിൽ അൾജീരിയയ്‌ക്കെതിരെ അർജന്റീന 3-0 ന് വിജയിച്ചിരുന്നു. ഈ മത്സരത്തിൽ ഹാട്രിക് ഗോൾ നേടിയ ശേഷം മെസ്സി വികാരഭരിതനായത് വാർത്തയായിരുന്നുവെങ്കിലും അത് ഫുട്‌ബോളുമായി ബന്ധപ്പെട്ട കാരണങ്ങളാലല്ലെന്ന് മത്സരശേഷം താരം വ്യക്തമാക്കിയിരുന്നു. ഗ്രൂപ്പ് ജെ-യിൽ ഉൾപ്പെട്ടിരിക്കുന്ന അർജന്റീനയുടെ അടുത്ത മത്സരങ്ങൾ ജൂൺ 21-ന് ഓസ്ട്രിയയ്‌ക്കെതിരെയും ജൂൺ 27-ന് ജോർദാനെതിരെയും ഡാളസ് സ്റ്റേഡിയത്തിലാണ് നടക്കാനിരിക്കുന്നത്. പിച്ചിന് പുറത്തെ ഈ വ്യാജ വാർത്താ വിവാദങ്ങൾക്കിടയിലും ലോകകപ്പ് നിലനിർത്താനുള്ള കടുത്ത പോരാട്ടത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും ക്യാപ്റ്റൻ ലയണൽ മെസ്സിയും.