ഡൽഹി: അന്താരാഷ്ട്ര സംഘർഷ മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എം.പി.യുമായ ശശി തരൂർ. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മോദി സർക്കാരിനെതിരെ കോൺഗ്രസ് നേതൃത്വം കടുത്ത ആക്രമണം നടത്തുന്നതിനിടയിലാണ് തരൂരിന്റെ ഈ വേറിട്ട നിലപാട്. തരൂരിന്റെ പ്രസ്താവന പ്രതിപക്ഷ സഖ്യത്തിന്റെ ആഖ്യാനങ്ങളെ ദുർബലപ്പെടുത്തിയെന്ന് ആരോപിച്ച് ബി.ജെ.പി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത രാഷ്ട്രീയ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്.
വാണിജ്യ കപ്പലുകളിലെ സിവിലിയൻ നാവികരെ സായുധ യുദ്ധങ്ങളിൽ പോരാളികളായി കണക്കാക്കരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗോള വാദം പൂർണ്ണമായും ശരിയാണെന്ന് ശശി തരൂർ വാർത്താ ഏജൻസിയായ പിടിഐയോട് വ്യക്തമാക്കി. “ഇന്ത്യൻ നാവികരുടെ സുരക്ഷയുടെ കാര്യത്തിൽ, പരസ്യമായ പ്രസംഗങ്ങളിലും സ്വകാര്യ ചർച്ചകളിലും പ്രധാനമന്ത്രി തന്റെ നിലപാട് അന്താരാഷ്ട്ര തലത്തിൽ ശക്തമായി അവതരിപ്പിച്ചു. വിദേശ രാജ്യങ്ങളുടെ പതാകയുള്ള കപ്പലുകളിലാണെങ്കിൽ പോലും ധാരാളം ഇന്ത്യൻ ക്രൂ അംഗങ്ങളും നാവികരും ജോലി ചെയ്യുന്നുണ്ട്. വാണിജ്യ കപ്പൽ ഗതാഗതത്തിൽ ഏർപ്പെടുന്ന സിവിലിയന്മാരായിരിക്കുന്നിടത്തോളം കാലം അവരെ യുദ്ധത്തിലെ പോരാളികളെപ്പോലെ കണ്ട് ആക്രമിക്കരുത്. മോദി പറഞ്ഞത് തികച്ചും ശരിയാണ് തരൂർ പറഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷ മേഖലയിൽ ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ട വിഷയത്തിൽ മോദി സർക്കാരിന്റെ മൗനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ളവർ രംഗത്തുവന്ന സാഹചര്യത്തിലാണ് പാർട്ടി നിലപാടിന് വിരുദ്ധമായി തരൂർ സംസാരിച്ചത്. തരൂരിന്റെ വാക്കുകൾ ആയുധമാക്കി കോൺഗ്രസ് നേതൃത്വത്തിലെ ആഭ്യന്തര ഭിന്നതകൾ തുറന്നുകാട്ടാനാണ് ബി.ജെ.പി ഔദ്യോഗിക വക്താക്കൾ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു രാഹുൽ ഗാന്ധിയുടെ ജന്മദിനം. ശശി തരൂർ എം.പി ഒരിക്കൽ കൂടി അദ്ദേഹത്തിന്റെ വ്യാജ രാഷ്ട്രീയ ആഖ്യാനങ്ങളെ തകർത്ത് കൃത്യമായൊരു ജന്മദിന സമ്മാനം നൽകിയിരിക്കുകയാണ്.
ഇതിന്റെ പേരിൽ രാഹുൽ ഗാന്ധി തരൂരിനെ പാർട്ടിയിൽ നിന്ന് പുറത്താക്കില്ലെന്ന് കരുതുന്നു. രാഹുൽ ഇപ്പോൾ വെറുമൊരു റീൽ നേതാവ് മാത്രമായി ചുരുങ്ങി ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനവാല പരിഹസിച്ചു. ശശി തരൂർ ഇവിടെ രാഹുൽ ഗാന്ധിയെ തുറന്നുകാട്ടുകയാണ് ചെയ്തത്. ഇന്ത്യയുടെ ദേശീയ താത്പര്യം സംരക്ഷിക്കുന്ന കാര്യത്തിൽ നരേന്ദ്ര മോദി എപ്പോഴും മുൻപന്തിയിലാണ്. എന്നാൽ വിദേശകാര്യ വിഷയങ്ങളിൽ പോലും രാജ്യതാത്പര്യത്തിന് വിരുദ്ധമായി സംസാരിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് പ്രദീപ് ഭണ്ഡാരി പറഞ്ഞു. ഈ പുതിയ രാഷ്ട്രീയ വിവാദത്തിൽ കോൺഗ്രസ് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല
