തലസ്ഥാന നഗരിയെ നടുക്കി വൻ നവജാത ശിശുക്കടത്ത് സംഘത്തെ ഡൽഹി പോലീസ് പിടികൂടി. ഡോക്ടർ എന്ന് വ്യാജേന ആളുകളെ വിശ്വസിപ്പിച്ച് സ്വന്തമായി നഴ്സിംഗ് ഹോം നടത്തിയിരുന്ന യുവതി ഉൾപ്പെടെ 12 പേരാണ് പോലീസിന്റെ രഹസ്യ നീക്കത്തിലൂടെ വലയിലായത്. സംഘത്തിൽ നിന്ന് അഞ്ച് ദിവസം മാത്രം പ്രായമുള്ള ചോരക്കുഞ്ഞ് ഉൾപ്പെടെ അഞ്ച് നവജാത ശിശുക്കളെ പോലീസ് സുരക്ഷിതമായി രക്ഷപ്പെടുത്തി. പ്രധാന പ്രതിയായ യുവതി യഥാർത്ഥത്തിൽ മെഡിക്കൽ യോഗ്യതയുള്ള ആളാണോ എന്ന് സ്ഥിരീകരിക്കാൻ ഇവരുടെ വിദ്യാഭ്യാസ, പ്രൊഫഷണൽ രേഖകൾ പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നവജാത ശിശുക്കളെ എത്തിച്ച് വൻ തുകയ്ക്കാണ് ഈ സംഘം വിറ്റിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുട്ടികളില്ലാത്ത ദമ്പതികളെ കണ്ടെത്തി ലക്ഷക്കണക്കിന് രൂപയ്ക്കാണ് കുഞ്ഞുങ്ങളെ കൈമാറിയിരുന്നത്. നിയമപരമായ ദത്തെടുക്കലാണെന്ന് വിശ്വസിപ്പിക്കാൻ കുഞ്ഞുങ്ങളുടെ ജനന സർട്ടിഫിക്കറ്റുകളും മറ്റ് അനുബന്ധ രേഖകളും ഇവർ വ്യാജമായി നിർമ്മിച്ചു നൽകിയിരുന്നു. പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ അഞ്ച് കുഞ്ഞുങ്ങളിൽ ഏറ്റവും ചെറിയ കുഞ്ഞിന് വെറും അഞ്ച് ദിവസമാണ് പ്രായം. മറ്റുള്ളവരിൽ രണ്ട് കുഞ്ഞുങ്ങൾക്ക് 27 ദിവസം വീതവും, ഒരാൾക്ക് 20 ദിവസവും, മൂത്ത കുഞ്ഞിന് നാല് മാസവുമാണ് പ്രായം.
ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഈ മനുഷ്യക്കടത്ത് ശൃംഖല വഴി ഇതുവരെ ഇരുപതിലധികം നവജാത ശിശുക്കളെ ഇവർ കടത്തിയിട്ടുണ്ടാകാമെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നത്. ഹരിയാനയിലെ ചിലർക്കും ഇവർ കുഞ്ഞുങ്ങളെ വിറ്റതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ജൂൺ 2-ന് ഉത്തർപ്രദേശിലെ ഹാപ്പൂരിലും സമാനമായ രീതിയിൽ കുട്ടിക്കടത്ത് സംഘത്തെ പോലീസ് പിടികൂടിയിരുന്നു. കാണാതായ ഒരു കുട്ടിയെ കണ്ടെത്താനായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാലംഗ സംഘത്തെ യുപി പോലീസ് വലയിലാക്കിയത്. ഇവരിൽ നിന്ന് 17 വയസ്സുള്ള കുട്ടിയെ അന്ന് രക്ഷപ്പെടുത്തിയിരുന്നു. ആവശ്യക്കാരെ കണ്ടെത്തി എല്ലാ പ്രായത്തിലുമുള്ള കുട്ടികളെ കടത്തുന്ന വലിയൊരു അന്തർസംസ്ഥാന ശൃംഖലയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.
