കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ യുവതിയോട് സംസാരിച്ചതിന് പിന്നാലെ ക്രൂരമായ മർദ്ദനം. ജീവനൊടുക്കി 26കാരി. മഹാരാഷ്ട്രയിലെ അംബർനാഥിലാണ് 26കാരിയായ വിശാഖ എന്ന യുവതി ജീവനൊടുക്കിയത്. വിവാഹ സമയത്ത് ഡോക്ടറുടെ അന്തസിന് ചേർന്ന നിലയിൽ സ്ത്രീധനം നൽകിയില്ലെന്ന് ആരോപിച്ച് യുവതി കടുത്ത ശാരീരിക മാനസിക പീഡനത്തിലൂടെയാണ് കടന്നുപോയിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഏപ്രിൽ 30-നായിരുന്നു വിശാഖയും ഡോക്ടർ നിതിൻ തിൽകറും തമ്മിലുള്ള വിവാഹം. വിശാഖയുടെ വീട്ടുകാരുടെ പരാതിയിൽ ഭർത്താവും ഡോക്ടറുമായ നിതിൻ തിൽകറെ പൊലീസ് അറസ്റ്റ് ചെയ്തു.
വിവാഹ സമയത്ത് പ്രതീക്ഷിച്ചത്ര സമ്മാനങ്ങളോ ബഹുമാനമോ ലഭിച്ചില്ലെന്ന് പറഞ്ഞായിരുന്നു ഭർത്താവിൻ്റെ വീട്ടുകാർ വിശാഖയെ പീഡിപ്പിക്കാൻ തുടങ്ങിയത്. എന്നാൽ വിവാഹത്തിന് മുൻപ് എല്ലാം നല്ല രീതിയിലായിരുന്നു, ശേഷം വിവാഹം കഴിഞ്ഞതോടെ വിശാഖയുടെ ജീവിതം നരകമായി മാറിയെന്ന് കുടുംബം ആരോപിക്കുന്നത്. വീട്ടിൽ നിന്ന് കൂടുതൽ പണവും സ്വർണവും കൊണ്ടുവരാൻ വിശാഖയുടെ മേൽ നിരന്തരം സമ്മർദ്ദമുണ്ടായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നത്. ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുൻപ്, അയൽപക്കത്തെ ഒരു സ്ത്രീയോട് സംസാരിച്ചതിന് ഭർത്താവ് അതിക്രൂരമായി മർദ്ദിച്ചുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
താൻ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് ജീവനൊടുക്കുന്നതിന് തൊട്ടുമുൻപ് വിശാഖ അമ്മയെ ഫോണിൽ വിളിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു. മകളുടെ ദുരിതം മനസ്സിലാക്കിയ മാതാപിതാക്കൾ, അവളെ ഭർത്താവിൻ്റെ വീട്ടിൽ നിന്ന് തിരികെ കൊണ്ടുവരാൻ തയ്യാറെടുക്കുന്നതിനിടെയാണ് വിശാഖ തൂങ്ങിമരിച്ചെന്ന വാർത്തയെത്തുന്നത്. ഭർത്താവ് നിതിൻ തിൽകർ, അമ്മ ഛായ, സഹോദരൻ നിനാദ് എന്നിവർക്കെതിരെ മാനസികവും ശാരീരികവുമായ പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഒളിവിൽപ്പോയ അമ്മയ്ക്കും സഹോദരനും വേണ്ടി തിരച്ചിൽ തുടരുകയാണ്.
