Home » Blog » Kerala » ഭരണം നടത്താന്‍ ഗവര്‍ണര്‍; ഒന്നും മിണ്ടാതെ സതീശന്‍
vd

യുഡിഎഫ് സര്‍ക്കാര്‍ ഭരണം തുടങ്ങിയെങ്കിലും അത് ട്രാക്കിലേക്ക് ആയിട്ടില്ല. ഭരണത്തില്‍ മെല്ലെപ്പോക്ക് പ്രകടവുമാണ്‌. എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരെ മാറ്റുന്നതില്‍ കൂടി ഒരു രൂപവും ആയിട്ടില്ല. സതീശന്‍ ആണെങ്കില്‍ മന്ത്രിസ്ഥാനത്ത് പോലും എത്താതെ നേരിട്ട് മുഖ്യമന്ത്രിയായ ആളുമാണ്. ഇത് നല്ലവണ്ണം മനസിലാക്കിയ ആള്‍ ഗവര്‍ണറാണ്. അന്താരാഷ്‌ട്ര യോഗദിനം എത്തുകയാണ്. ഇതിന്റെ ഒരുക്കങ്ങള്‍ പാളിപ്പോകുമോ എന്ന സംശയം ഗവര്‍ണര്‍ക്കുമുണ്ട്. അതിനാല്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ തീരുമാനത്തിനോന്നും കാത്ത് നിന്നില്ല. ഇതുമായി ബന്ധപ്പെട്ട് യോഗം ഗവര്‍ണര്‍ തന്നെ വിളിച്ചു.

മുഖ്യമന്ത്രി വിളിക്കേണ്ട യോഗമാണ് ഗവര്‍ണര്‍ വിളിച്ചുകൂട്ടിയത്. ഉന്നത പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സെക്രട്ടറിമാരും വിസിമാരും യോഗത്തിനെത്തി. ഇതും കൂടാതെ സര്‍വകലാശാലകളിലും കോളേജുകളിലും യോഗ ദിനാചരണത്തിനുള്ള സര്‍ക്കുലര്‍ നല്‍കാന്‍ ;ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ബി.അശോകിനോട് ഗവര്‍ണര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. യോഗ ദിനം സര്‍ക്കാര്‍ നേരിട്ട് നടത്തേണ്ട പരിപാടിയാണ്. ഗവര്‍ണര്‍ കീഴ്വഴക്കം തെറ്റിക്കുകയാണ് ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ മിണ്ടാതെയിരിക്കുകയാണ്.

മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് ഒരക്ഷരം സംസാരിച്ചിട്ടില്ല. പ്രതിപക്ഷവുമായി ഏറ്റുമുട്ടലിന്റെ പാതയിലാണ് സര്‍ക്കാര്‍. കാഫിര്‍ സ്ക്രീന്‍ ഷോട്സ് വിവാദത്തിലും ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനത്തനവും അന്വേഷിക്കാനും പ്രത്യേക പോലീസ് സംഘത്തെയാണ് യുഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. സ്ക്രീന്‍ ഷോട്സ് വിവാദത്തില്‍ വടകരയില്‍ ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം എല്‍ഡിഎഫിനെയും സിപിഎമ്മിനെയും വലുതായി പ്രകോപിപ്പിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ ഗവര്‍ണറുമായി ഒരു ഏറ്റുമുട്ടലിന് സതീശന്‍ സര്‍ക്കാര്‍ ഒരുക്കവുമല്ല.

സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരവിവാദത്തില്‍ പ്രശ്നം ലോക്ഭവന്റെ തലയിലിട്ട് മുഖ്യമന്ത്രി പറഞ്ഞൊഴിയുകയായിരുന്നു. വിവാദം വന്നപ്പോഴും ഗവര്‍ണര്‍ മൗനം പാലിച്ചു. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്‍റെ പരിപാടിയില്‍ മൂന്നു വിസിമാര്‍ പങ്കെടുത്തപ്പോള്‍ വിസിമാര്‍ മാപ്പ് പറയണമെന്ന പ്രസ്താവനയിറക്കി മുഖ്യമന്ത്രി തലയൂരുകയായിരുന്നു. എന്നാല്‍ ലോക്ഭവനും ഈ കാര്യത്തില്‍ ഒരു പ്രതികരണത്തിനും മുതിര്‍ന്നില്ല. നിലവില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ ഏറ്റുമുട്ടലില്ല. ഗവര്‍ണറുമായി ഏറ്റുമുട്ടല്‍ വേണ്ട എന്നാണ് തത്ക്കാലം യുഡിഎഫ് നിലപാട്. ഗവര്‍ണര്‍ ആര്‍എസ്എസുകാരനാണ്. കേന്ദ്രത്തിലും ബിജെപി സര്‍ക്കാരാണ്. അതുകൊണ്ട് താനെ സര്‍ക്കാര്‍ വിളിക്കേണ്ട യോഗം ഗവര്‍ണര്‍ വിളിച്ചതിനാല്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. പക്ഷെ ഇത് എത്രകാലം നീണ്ടുനില്‍ക്കും എന്ന് കാത്തിരുന്നു അറിയേണ്ട കാര്യവുമാണ്.