ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ സംരക്ഷണവും പഠനച്ചെലവും സർക്കാർ പൂർണ്ണമായി ഏറ്റെടുക്കുമെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. പരിക്കേറ്റ കുട്ടി നിലവിൽ കടുത്ത ട്രോമയിൽ നിന്ന് മുക്തമായിട്ടില്ലെന്നും മന്ത്രി അറിയിച്ചു. പ്രഖ്യാപിച്ച ധനസഹായ തുകയുടെ 50 ശതമാനം കുട്ടികളുടെ പേരിൽ ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റായി നിക്ഷേപിക്കും. കുട്ടികളുടെ ദൈനംദിന ആവശ്യങ്ങൾക്കായി എല്ലാ മാസവും 5,000 രൂപ വീതം സർക്കാർ നൽകും. കുട്ടികളുടെ മുന്നോട്ടുള്ള പഠനച്ചെലവും സർക്കാർ തന്നെ വഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഇതിനൊപ്പം, വന്യജീവി പ്രതിരോധത്തിൽ സർക്കാരിനെതിരെ രംഗത്തുവന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ മന്ത്രി കടുത്ത രാഷ്ട്രീയ വിമർശനവും ഉന്നയിച്ചു. പരിക്കേറ്റ കുട്ടിയെ സന്ദർശിച്ച പ്രതിപക്ഷ നേതാവിന്റെ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് തന്നെയാണ് മന്ത്രി കടുത്ത വിമർശനം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുട്ടിയെ കാണാൻ എത്തിയത് നല്ല കാര്യമാണ്. എന്നാൽ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സ്വന്തം ജില്ലയിൽ മാത്രം 22 പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അന്ന് ഏതെങ്കിലും ഒരു ഇരയുടെ വീട്ടിൽ നേരിട്ട് പോകാൻ അദ്ദേഹം തയ്യാറായിരുന്നെങ്കിൽ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നുവെന്നും ഷിബു ബേബി ജോണ് കൂട്ടിച്ചേര്ത്തു.
വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന് ഇച്ഛാശക്തിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നേരത്തെ രംഗത്തെത്തിയിരുന്നു. കേരളത്തിൽ വന്യജീവി ആക്രമണം മൂലം നിരവധി മരണങ്ങളും കടുത്ത നാശനഷ്ടങ്ങളുമാണ് ഉണ്ടാകുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ ബാധ്യസ്ഥരായ സർക്കാർ ഇപ്പോൾ കൈമലർത്തുകയാണെന്നും, ഇത് ജനങ്ങളിൽ വലിയ ആശങ്കയും ഭീതിയും ഉളവാക്കിയിട്ടുണ്ടെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തിയിരുന്നു.
