Home » Blog » kerala Max » റോഡിലെ ധാർഷ്ട്യത്തിന് പണി കിട്ടി; പിക്കപ്പ് വാനിലേക്ക് ബസ് മനഃപൂർവ്വം ഇടിച്ച് കയറ്റാൻ നോക്കിയ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
POLICE- (1)

കോഴിക്കോട്: കോഴിക്കോട് മാങ്കാവിലെ ഗതാഗതക്കുരുക്കിനിടെ സ്വകാര്യ ബസ് ഗുഡ്‌സ് വാനിൽ മനഃപൂർവ്വം ഇടിപ്പിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി. സംഭവത്തിൽ മഞ്ചേരി സ്വദേശി ഷിനിത്തിന്റെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. ലൈസൻസ് സസ്‌പെൻഡ് ചെയ്തതിന് പുറമെ, അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പരിശീലന ക്ലാസിൽ പങ്കെടുക്കാനും എൻഫോഴ്സ്‌മെന്റ് ആർടിഒ നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബസ് വാനിലേക്ക് മനഃപൂർവ്വം ഇടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ഇത് വൻ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് സംഭവത്തിൽ ഇടപെടുകയും അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്തത്.

ഇന്നലെ ഷിനിത്തിനെ നേരിട്ട് വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ് അധികൃതർ വിശദീകരണം തേടിയിരുന്നു. എന്നാൽ, ഗുഡ്‌സ് വാൻ തെറ്റായ ദിശയിൽ വന്നുവെന്നും വാൻ ഡ്രൈവർ പ്രകോപനമുണ്ടാക്കിയെന്നുമാണ് ഷിനിത്ത് നൽകിയ വിശദീകരണം. ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർ തമ്മിൽ അപകടം സംബന്ധിച്ച കേസ് ഒത്തുതീർപ്പാക്കിയതായി അറിയിച്ചിട്ടുണ്ടെങ്കിലും, പൊതുനിരത്തിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.