നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഗുരുഗ്രാം സ്വദേശി യഷ് യാദവ്, ജൂൺ 21-ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷ എഴുതാൻ അനുവാദം തേടി കോടതിയിൽ ഇടക്കാല ജാമ്യാപേക്ഷ സമർപ്പിച്ചു. പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും പഠനത്തിനായി പുസ്‌തകങ്ങൾ ജയിലിൽ ലഭ്യമാക്കണമെന്നുമാണ് ആവശ്യം. നേരത്തെ റദ്ദാക്കപ്പെട്ട നീറ്റ് പരീക്ഷ യഷ് യാദവും എഴുതിയിരുന്നു.
അതേസമയം, പുനഃപരീക്ഷയുടെ സുരക്ഷാ കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തുകയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ചോദ്യപേപ്പർ ചോർച്ച കർശനമായി തടയുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ തയ്യാറാക്കുന്നവരെയും വിവർത്തനം ചെയ്യുന്നവരെയും പരീക്ഷാദിവസം വരെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്ക് പരീക്ഷാദിവസം വരെ കടുത്ത നിയന്ത്രണങ്ങളും നിരീക്ഷണവും ഏർപ്പെടുത്തിയിരിക്കുകയാണ്. ഇവർക്ക് മൊബൈൽ ഫോൺ, സ്വകാര്യ ലാപ്ടോപ്പ് എന്നിവ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ചോദ്യപേപ്പറുകൾ സുരക്ഷിതമായി വിതരണം ചെയ്യുന്നതിനായി വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. പേപ്പറുകളുടെ അച്ചടി, സംഭരണം, വിതരണം എന്നീ ഘട്ടങ്ങളിലും അതീവ സുരക്ഷയാണ് എൻടിഎ ഒരുക്കിയിരിക്കുന്നത്.
