Your Image Description Your Image Description

ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കിയ ഏറ്റവും മികച്ച പച്ചത്തുരുത്തുകള്‍ക്ക് ഹരിത കേരളം മിഷന്‍ പുരസ്‌കാരം നല്‍കുന്നു. ഏറ്റവും മികച്ച മൂന്ന് പച്ചത്തുരുത്തുകള്‍ക്ക് ജില്ലാതല പുരസ്‌കാരവും ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച അഞ്ച് പച്ചത്തുരുത്തുകള്‍ക്ക് സംസ്ഥാനതല പുരസ്‌കാരവുമാണ് നല്‍കുക. പച്ചത്തുരുത്തുകളിലെ വൃക്ഷ – സസ്യ വൈവിധ്യങ്ങള്‍, പച്ചത്തുരുത്ത് സംരക്ഷണത്തിന് സംഘാടക സമിതി വഹിക്കുന്ന പങ്ക്, ജൈവവേലി, വിവരവിജ്ഞാന ബോര്‍ഡുകള്‍ തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാണ് പുരസ്‌കാരങ്ങള്‍ നല്കുന്നത്. ഇതിനായി ജില്ലാ- സംസ്ഥാന തലത്തില്‍ രൂപീകരിച്ച വിദഗ്ധ സമിതികള്‍ സംസ്ഥാനത്തൊട്ടാകെ പച്ചത്തുരുത്തുകള്‍ സന്ദര്‍ശിച്ചു വരികയാണ്. ജില്ലാതല പുരസ്‌കാരം സെപ്തംബര്‍ ആദ്യവാരം കണ്ണൂരിലും സംസ്ഥാനതല പുരസ്‌കാരം ഓസോണ്‍ ദിനമായ സെപ്തംബര്‍ 16 ന് തിരുവനന്തപുരത്തും സമ്മാനിക്കും.

ജില്ലയില്‍ 329 പച്ചത്തുരുത്തുകളാണ് നിലവിലുള്ളത്. ആഗസ്റ്റ് 30 നകം പച്ചത്തുരുത്തിന്റെ എണ്ണം 425 ആയി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സ്ഥലനാമ വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്ന പച്ചത്തുരുത്തുകളും വംശനാശം വന്നു കൊണ്ടിരിക്കുന്ന വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്ന പച്ചത്തുരുത്തുകളും ജില്ലയില്‍ വ്യാപിപ്പിക്കും. ജില്ലയിലെ പച്ചത്തുരുത്തുകളില്‍ തൈകള്‍ക്ക് വളര്‍ച്ചയുള്ള പത്ത് പച്ചത്തുരുത്തുകളുടെ കാര്‍ബണ്‍ സംഭരണ ശേഷി കണക്കാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts