Home » Blog » Kerala » പ്രിയദർശിനി പദ്ധതിയിൽ വൻ മാറ്റങ്ങൾ; പുതിയ മാർഗ്ഗരേഖ ഉടൻ പുറത്തിറക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ
cp-john-680x450

കേരളത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് കെഎസ്ആർടിസി ബസുകൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്‌പോൺസർ ചെയ്യാനുള്ള അവസരമൊരുങ്ങുന്നു. തമ്പാനൂർ സെൻട്രൽ സ്റ്റേഷനിൽ നടന്ന പുതിയ ‘പ്രിയദർശിനി പദ്ധതി’യുടെ ഉദ്ഘാടന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണാണ് ഈ ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത്. ഇതിനായുള്ള കൃത്യമായ മാർഗരേഖ സർക്കാർ ഉടൻ തന്നെ പുറത്തിറക്കും. നിലവിൽ സംസ്ഥാനത്തെ 3,125 ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ടെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

 

1938 ഫെബ്രുവരി 20-ന് ചിത്തിരതിരുനാൾ മഹാരാജാവ് ലണ്ടൻ യാത്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വെറും 33 ബസുകളുമായി ആരംഭിച്ച തിരുവിതാംകൂർ രാജകീയ സർവീസാണ് ഇന്നത്തെ കെഎസ്ആർടിസി. അന്ന് തുടക്കമിട്ട പ്രസ്ഥാനം ഇന്ന് 5,700 ബസുകളുമായി സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് സർവീസുകൾ നടത്തുന്ന വലിയൊരു ശൃംഖലയായി മാറിയിട്ടുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 93 ഡിപ്പോകളിലും ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി പ്രത്യേക സമിതികൾ രൂപീകരിക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയിട്ടുണ്ട്. ആനവണ്ടി പൊതുസമൂഹത്തിന്റെ സ്വത്താണെന്നും ജനങ്ങൾ ഇതിനെ സ്വന്തം സംവിധാനമായി കണ്ട് സംരക്ഷിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.