Home » Blog » Kerala » പാത്രം കഴുകിയതെല്ലാം വെറുതെ; എല്ലാം അമ്പേ പാളി എന്ന് സിപിഎം
cpm

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വാര്‍ത്താ തലക്കെട്ടുകള്‍ പിടിച്ചടക്കിയതായിരുന്നു സിപിഎമ്മിന്റെ വീടുകളിലെത്തിയുള്ള ഗൃഹസന്ദര്‍ശനം. അതിലെ പ്രധാന കാര്യം ഭക്ഷണം കഴിക്കലും ആ പാത്രങ്ങള്‍ കഴുകി വയ്ക്കലുമായിരുന്നു. പലരും അമ്പരന്നു. എം.എ.ബേബി തന്നെ വീടുകളിലെത്തി ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകിവച്ചിട്ടാണ് പോയത്. മറ്റു സഖാക്കളും അതേ മാതൃക പിന്തുടര്‍ന്നു. പക്ഷെ പെട്ടെന്ന് തന്നെ ഇതിനോട് വിമര്‍ശനവും വന്നു.

ഇതൊരു തട്ടിപ്പ് പരിപാടിയാണ് എന്ന ആരോപണം വന്നപ്പോള്‍ താന്‍ വളരെക്കാലമായി പിന്തുടരുന്ന രീതി തന്നെയാണ് ഇതെന്നാണ് ബേബി പറഞ്ഞത്. പക്ഷെ ഈ പരിപാടി തിരിച്ചടിച്ചപ്പോള്‍ സിപിഎം സൈബര്‍ സെല്ലിന്റെ പ്രചാരണം നയിച്ച എം.വി.നികേഷ് കുമാറിനും ഇതിന്റെ പഴി കേള്‍ക്കേണ്ടി വന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കിണറില്‍ ചാടിയ നികേഷിന്റെ മറ്റൊരു വിവരക്കേട് ആണിതെന്നുള്ള വിമര്‍ശനവും ഒപ്പം വന്നു. എന്തായാലും ഗൃഹസന്ദര്‍ശനവും പാത്രം കഴുകലുമെന്നും സിപിഎമ്മിനെ തുണച്ചില്ല. തിരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ തന്നെ പൊട്ടി.

എം.ബി.രാജേഷും, പി.രാജീവും അടക്കമുള്ള സിപിഎം മന്ത്രിമാരില്‍ പലരും തിരഞ്ഞെടുപ്പ് പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഇപ്പോള്‍ ഗൃഹസന്ദര്‍ശനവും പാത്രം കഴുകലും അമ്പേ പൊളിഞ്ഞുവെന്നാണ് സിപിഎം അവലോകന റിപ്പോര്‍ട്ട് പറയുന്നത്. തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള പാര്‍ട്ടിയുടെ വിലയിരുത്തല്‍ കൂടിയാണിത്. പ്രവര്‍ത്തകരോട് വീടുകളില്‍ എത്താന്‍ നിര്‍ദേശിച്ചെങ്കിലും മുക്കാല്‍ പങ്കും അണികളും സ്കൂട്ടായി. ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെടെയുള്ള വിമര്‍ശനം ഭയന്ന് സഖാക്കള്‍ മിക്കവരും പിന്തിരിഞ്ഞു. 30 ശതമാനം ഗൃഹസന്ദര്‍ശനം മാത്രമാണ് നടന്നത് എന്നാണ് പാര്‍ട്ടി റിപ്പോര്‍ട്ടില്‍ പറയുന്നത്.

പാര്‍ട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടും ഗൃഹസന്ദര്‍ശനം പാര്‍ട്ടി ഘടകങ്ങള്‍ ഒഴിവാക്കിയത് സിപിഎമ്മിന് വന്‍ തിരിച്ചടിയുമായി. സംഭവങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കെ നൈസ് ക്വാളിറ്റിയില്‍ പാര്‍ട്ടി സെക്രട്ടറിയായ തന്നെയും പ്രതിപക്ഷ നേതാവായ പിണറായിയെയും ഒഴിവാക്കാമെന്നു ആരെങ്കിലും മനക്കണക്ക് കൂട്ടിയെങ്കില്‍ അത് മനസില്‍ വച്ചാല്‍ മതി എന്നാണ് ഗോവിന്ദന്‍ ഇപ്പോള്‍ തുറന്നടിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാണ്.

പാര്‍ട്ടി യൊഗന്ഗലി൯ല് ആദ്യമാദ്യം ഇത്തരം വിമര്‍ശനങ്ങളോടു മൗനം അവലംബിച്ച ഗോവിന്ദന്‍ കൂടി ഇപ്പോള്‍ പൊട്ടിത്തെറിച്ച് തുടങ്ങിയിരിക്കുകയാണ്. സിപിഎം മേഖലാ റിപ്പോര്‍ട്ടിംഗിലായിരുന്നു ഈ പൊട്ടിത്തെറി. എന്തായാലും തിരികെ വരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഎം. ഇനിയും ഒരു തവണ കൂടി യുഡിഎഫ് തുടരുകയാണെങ്കില്‍ ത്രിപുരയിലും ബംഗാളിലുമുള്ള അവസ്ഥ കേരളത്തിലും വരുമെന്ന് പാര്‍ട്ടി ഭയക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെയാകും ഇനി പാര്‍ട്ടിയുടെ ചുവടുവയ്പ്പുകള്‍.