Home » Blog » Kerala » ശബരിമല സ്വര്‍ണക്കൊള്ള അടക്കം വെളിയില്‍ വരും; പത്മകുമാറിന്റെ ആത്മകഥയെ ഭയന്ന് സിപിഎം
apadmakumar

ആത്മകഥയില്‍ പത്മകുമാറിനെ പേടിച്ച് സിപിഎം. തിരഞ്ഞെടുപ്പ് തോല്‍വിയുടെ വെളിച്ചത്തില്‍ ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ പത്മകുമാറിനെ കൈവിടാന്‍ സിപിഎം തയ്യാറായിക്കെയാണ് പത്മകുമാര്‍ ആത്മകഥ എന്ന ബോംബ്‌ പുറത്തുവിടുന്നതും അതിലെ ചില ശകലങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതും. ഈ ശകലങ്ങള്‍ പാര്‍ട്ടിയെ ഭയപ്പെടുത്തുന്നത് കൂടിയാണ്. അതുകൊണ്ട് തന്നെയാണ് പത്മകുമാറിനെതിരെയുള്ള പാര്‍ട്ടി നടപടി പേരിനു മാത്രമാക്കാന്‍ സിപിഎമ്മിലെ ഒരു വിഭാഗം ഒരുങ്ങുന്നതും.

സിപിഎം ഭയപ്പെടുന്ന കാര്യമാണ് പത്മകുമാര്‍ ഇപ്പോള്‍ വെളിച്ചത്താക്കിയിരിക്കുന്നത്. ശബരിമലയില്‍ യുവതികളെ കയറ്റിയ സമയത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ തന്നെയും എഡിജിപിയായ എസ്.ശ്രീജിത്തിനേയും സര്‍ക്കാര്‍ ശബരിമല നിന്നും മാറ്റി നിര്‍ത്തി എന്നാണ് പത്മകുമാര്‍ പറഞ്ഞത്. ഡിജിപി ശ്രീജിത്തിനെ നേരിട്ട് തിരുവനന്തപുരത്തേക്ക് വിളിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പിണറായിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് തന്നെ തിരുവനന്തപുരത്ത് ഉടന്‍ എത്താന്‍ നിര്‍ദ്ദേശിച്ചത് .

പുലര്‍ച്ചെ മൂന്നു മണിയോടെ തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്‍റെ മുറിയില്‍ എത്തി ടിവി ഓണ്‍ ചെയ്തപ്പോഴാണ് യുവതീ പ്രവേശന വിഷയം താന്‍ അറിയുന്നത്. ഇതോടെ ശബരിമലയില്‍ യുവതീ പ്രവേശനത്തിനും സര്‍ക്കാരും സിപിഎമ്മും ഗൂഡാലോചന നടത്തി എന്ന് വ്യക്തമായിരിക്കുകയാണ്. ശബരിമല യുവതീ പ്രവേശന സമയത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന വ്യക്തി തന്നെയാണ് ഇത് പറയുന്നത് എന്നതാണ് ഈ പ്രസ്താവന വലിയ ബോംബാക്കി മാറ്റുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്ററില്‍ ചെമ്പ് പാളികള്‍ എന്ന് എഴുതിയത് താനല്ല. അതില്‍ ഒപ്പിടാന്‍ താന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. രജിസ്റ്ററില്‍ ചെമ്പ് പാളി എന്ന് എഴുതി ചേര്‍ത്തത് ആരെന്ന് പരിശോധിക്കാന്‍ എസ്ഐടിയോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നതും വലിയ മറ്റൊരു ബോംബ് കൂടിയാണ്.

ശബരിമല സ്വര്‍ണക്കൊള്ളയുടെ ഉന്നത തല ഇടപെടല്‍ പുറത്തുവരരുത് എന്ന് ഭയക്കുന്നവര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ട്. അതുകൊണ്ട് തന്നെയാണ് പത്മകുമാറിനെതിരെയുള്ള നടപടിക്ക് വിലക്ക് വരുന്നത്. കുറ്റക്കാരന്‍ പത്മകുമാര്‍ മാത്രമല്ല മറ്റു പലരും വരുമെന്നതായതോടെ പത്മകുമാറിനെതിരെ പേരിനു മാത്രം നടപടി സ്വീകരിക്കാനാണ്‌ ഇപ്പോള്‍ സിപിഎം നീക്കം. മുന്‍ എംഎല്‍എയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ പത്മകുമാറിനെ സിപിഎം ഭയക്കുന്നുവെന്ന് സത്യമാണ്. അതുകൊണ്ട് തന്നെയാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായി പത്മകുമാര്‍ അകത്ത് കിടന്നിട്ടും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സിപിഎം ഭയന്നതും. പാര്‍ട്ടി സമ്മതിക്കുന്നില്ലെങ്കിലും ഇടതുമുന്നണിക്ക് ഏറ്റ ശബരിമല സ്വര്‍ണക്കൊള്ളയാണ് സിപിഎമ്മിനെ വലിയ തിരഞ്ഞെടുപ്പ് തോല്‍വയിലേക്ക് നയിച്ചതിന്റെ മുഖ്യ കാരണങ്ങളിലൊന്ന്.

കോടിക്കണക്കിന് വിശ്വാസികളുടെ മനസിലാണ് ഇത് വലിയ വേദന സൃഷ്ടിച്ചത്. അയ്യപ്പന്‍റെ സ്വര്‍ണം മോഷ്ടിച്ചവരോട് ഒരിക്കലും പൊറുക്കില്ലെന്ന ഭക്തരുടെ തീരുമാനം കൂടിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഇത് നേരത്തെ അറിയാമായിരുന്നിട്ടും പത്മകുമാറിനെ തൊടാന്‍ സിപിഎം തയ്യാറായില്ല. ഇപ്പോള്‍ പത്മകുമാറിനെ പുറത്താക്കാന്‍ തീരുമാനം വന്നപ്പോഴും അത് നടപ്പിലാക്കാന്‍ സിപിഎം ഭയക്കുക തന്നെയാണ്. എന്താണ് പത്മകുമാറിന് എതിരേയുള്ള നടപടി എന്ന് കാത്തിരുന്നു കാണേണ്ട അവസ്ഥയാണ്.