ലഖ്‌നൗ: ആർഎസ്എസ് മേധാവി മോഹൻ ഭഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ഫിറോസാബാദിൽ മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന സ്വർണ ശതാബ്ദി എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം 7.30 ഓടെ ഫിറോസാബാദ് ജില്ലയിലെ മഖൻപൂർ സ്റ്റേഷന് സമീപമായിരുന്നു സംഭവം.
ആർഎസ്എസ് സർസംഘ്ചാലക് സഞ്ചരിച്ചിരുന്ന എക്‌സിക്യൂട്ടീവ് കോച്ചിന്റെ ജനൽ ഗ്ലാസ് കല്ലേറിൽ തകർന്നു. ആർക്കും പരിക്കേൽക്കാത്തതിനാൽ ട്രെയിൻ നിർത്തിയില്ല. സംഭവത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് കേസെടുത്തിരുന്നു.
”കല്ലേറിൽ ഇ-1 കോച്ചിന്റെ ജനലിന്റെ പുറം ഗ്ലാസിന് കേടുപാടുകൾ സംഭവിച്ചു. അകത്തെ ഗ്ലാസ് തകർന്നിട്ടില്ല. ഞങ്ങൾ മൂന്ന് പേരെ ചോദ്യം ചെയ്തുവരികയാണ്, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്”- എഡിജിപി സുവേന്ദ്ര കുമാർ ഭഗത് പറഞ്ഞു.
മോഹൻ ഭാഗവത് 40-ാം നമ്പർ സീറ്റിലായിരുന്നു ഇരുന്നിരുന്നതെന്നും എന്നാൽ 50-ാം നമ്പർ സീറ്റിന്റെ ജനലിനാണ് കേടുപാടുകൾ സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.
”റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് രസൂൽപൂർ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഏകദേശം 150-ഓളം സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് മൂന്നുപേരെ തിരിച്ചറിഞ്ഞത്. കുറ്റകൃത്യത്തിന് പിന്നിലെ പ്രേരണ എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്”- ഫിറോസാബാദ് സീനിയർ പൊലീസ് സൂപ്രണ്ട് ആദിത്യ ലാംഗെ പറഞ്ഞു.
ബുധനാഴ്ച കാൺപൂരിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഭഗവത് പിറ്റേന്ന് ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നു. ഉച്ചയ്ക്ക് 3.30-നാണ് ലഖ്നൗവിൽ നിന്ന് ട്രെയിൻ പുറപ്പെട്ടത്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയാണ് ആർഎസ്എസ് മേധാവി.
