ന്യൂയോർക്ക്: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരത്തിൽ ബ്രസീലിനായി സൂപ്പർ താരം നെയ്മർ കളിക്കില്ല. പരിക്കിൽ നിന്ന് പൂർണമായി മോചിതനാകാത്തതിനാലാണ് താരത്തെ ആദ്യ മത്സരത്തിൽ ഇല്ലാത്തതെന്ന് പരിശീലകൻ കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ മറ്റ് മത്സരങ്ങളും നെയ്മറിന് നഷ്ടമാകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച പുലർച്ചെ 3.30-നാണ് ബ്രസീലും മൊറോക്കോയും തമ്മിലുള്ള പോരാട്ടം.
ലോക ഫുട്‌ബോളിൽ എക്കാലത്തും ഇതിഹാസ താരങ്ങളെ സമ്മാനിച്ച രാജ്യമാണ് ബ്രസീൽ. എന്നാൽ ഇത്തവണ ആരാധകരുടെ പ്രധാന പ്രതീക്ഷ ടീമിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടിയിലാണ്. കഴിഞ്ഞ ലോകകപ്പിന് ശേഷം തകർച്ച നേരിട്ട ബ്രസീലിയൻ ഫുട്‌ബോളിനെ തിരിച്ചുകൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയുമോയെന്ന ചോദ്യത്തിനുള്ള ആദ്യ മറുപടി മൊറോക്കോയ്ക്കെതിരായ മത്സരത്തിൽ ലഭിക്കും.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതിരുന്ന ബ്രസീലിനെ മാറ്റത്തിന്റെ പാതയിലേക്ക് നയിക്കാൻ ആഞ്ചലോട്ടിക്കായിട്ടുണ്ട്. 4-2-3-1 ശൈലിയിലാകും ബ്രസീൽ കളിക്കാനിറങ്ങുക. നെയ്മറിന്റെ അഭാവത്തിൽ ഇഗോർ തിയാഗോ മുന്നേറ്റനിര നയിക്കും. ലൂക്കാസ് പാക്വേറ്റയോ മാത്യൂസ് കുൻഹയോ അദ്ദേഹത്തിന് പിന്നിൽ കളിച്ചേക്കും. വിനീഷ്യസും റഫീന്യയും വിങ്ങർമാരാകും.
