Home » Blog » Kerala » “ഒരു ഭീഷണി കോൾ വന്നാലൊന്നും ഭയപ്പെട്ടിരിക്കുന്ന ആളല്ല ഞാൻ, ജയിലിൽ പോയാൽ കാര്യങ്ങൾ പാർട്ടി നോക്കിക്കോളുമെന്ന് പറഞ്ഞു, അപ്പോൾ, സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സംശയിക്കുന്നതിൽ തെറ്റില്ല” – ടി കെ ഗോവിന്ദൻ
3

കണ്ണൂർ: ഭീഷണി ഫോൺ കോൾ ഗൗരവമായി കാണുന്നില്ലെന്ന് തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദൻ. വധ ഭീഷണി സിപിഎമ്മിലെ അസഹിഷ്ണുതയുടെ ഭാഗമാണെന്നും ഈ ഫോൺ വിളി കൊണ്ടൊന്നും താൻ ഭയപ്പെടില്ലെന്നും ടി കെ ഗോവിന്ദൻ വ്യക്തമാക്കി. ഈ യാത്ര അധികം ഉണ്ടാകില്ലെന്നും പണി ജയിലിൽ ഉള്ളവർ നോക്കുമെന്നുമായിരുന്നു ടി കെ ഗോവിന്ദന് ലഭിച്ച ഫോൺ സന്ദേശം.

ഭീഷണി ഫോൺ കോൾ ഗൗരവത്തിൽ കാണുന്നില്ല. അത് അസഹിഷ്ണുതയുടെ ഭാ​ഗമാണ്. സിപിഎമ്മിനകത്തെ അസഹിഷ്ണുത അവസാനിപ്പിച്ചാൽ മാത്രമേ ആ പാ‍ർട്ടി രക്ഷപ്പെടുകയുള്ളൂ. ഇത്തരം പരിപാടികളിൽ സിപിഎം നേതാക്കന്മാർക്ക് അറിവുണ്ടാകുമെന്ന് കരുതുന്നില്ല. പക്ഷേ, സിപിഎം നേതൃത്വത്തിൻ്റെ മനസ്സാ പിന്തുണയോടെ ഭീഷണികളും അക്രമങ്ങളും മറ്റും നടക്കാറുണ്ടെന്നും ടി കെ ​ഗോവിന്ദൻ പറഞ്ഞു.

ഭീഷണിക്ക് പുറമേ അസഭ്യവും വാക്കുകളും ഉണ്ടായിരുന്നു. തനിക്കെതിരെ മാത്രമല്ല, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെയും അസഭ്യം പറഞ്ഞു. ബോധപൂ‍ർവം പ്രശ്നം സൃഷ്ടിക്കാനും വിദ്വേഷം വള‍ർ‌ത്തിയെടുക്കാനുമാകും ഉദ്ദേശ്യം. പേടിപ്പിച്ച് ഇരുത്താനാകും ലക്ഷ്യം. അതുകൊണ്ടൊന്നും ഭയപ്പെടുന്ന ആളല്ല താൻ. ജയിലിൽ പോയാൽ കാര്യങ്ങൾ പാർട്ടി നോക്കിക്കോളുമെന്ന് പറഞ്ഞു. അതുകൊണ്ട് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സംശയിക്കുന്നതിൽ തെറ്റില്ലെന്നും ടി കെ ​ഗോവിന്ദൻ പറഞ്ഞു.