Home » Blog » crime » ആന്റി നാര്‍ക്കോട്ടിക്സ് സ്‌ക്വാഡിന്റെ പരിശോധനക്കിടെ ഫ്ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് ചാടി യുവതി ജീവനൊടുക്കി; അന്വേഷണത്തിൽ കണ്ടെത്തിയത് മയക്കുമരുന്ന് നിര്‍മ്മാണ മുറി
19

ന്യൂഡല്‍ഹി: ആന്റി നാര്‍ക്കോട്ടിക്സ് സ്‌ക്വാഡിന്റെ പരിശോധനയ്ക്കിടെ ഫ്ളാറ്റിലെ ബാല്‍ണിയില്‍ നിന്ന് താഴേക്ക് ചാടി യുവതി ജീവനൊടുക്കി. ഔട്ടര്‍ ഡല്‍ഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം. നൈജീരിയന്‍ സ്വദേശിയായ സ്റ്റെല്ല പയസ് ആണ് മരിച്ചത്. പരിശോധനയില്‍ മെത്താംഫെറ്റാമൈന്‍ നിര്‍മ്മാണവും അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യവും കണ്ടെത്തി.

സ്റ്റെല്ല താമസിക്കുന്ന ഫ്ളാറ്റില്‍ ലഹരിമരുന്ന് നിര്‍മാണ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച ആന്റി നാര്‍ക്കോട്ടിക്സ് സ്‌ക്വാഡ് പരിശോധന നടത്തിയത്. സ്‌ക്വാഡിനെ കണ്ട സ്റ്റെല്ല ഉടനെ നാലാം നിലയിലെ ഫ്ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ വച്ച് മരിച്ചു.

റെയ്ഡില്‍ ഫ്ളാറ്റിലെ മൂന്നാം നിലയില്‍ താമസിക്കുന്ന സ്‌കൈ എന്നയാളേയും നാലാം നിലയില്‍ താമസിക്കുന്ന മാര്‍ട്ടിന്‍ ആരോണ്‍ എന്നിവരേയും കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് ഏകദേശം 30 ഗ്രാം നിരോധിത മെത്താംഫെറ്റാമൈനും 1.5 ഗ്രാം ഹെറോയിനും കണ്ടെടുത്തു. മാര്‍ട്ടിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ സ്റ്റെല്ലയുടെ ഫ്ളാറ്റില്‍ മയക്കുമരുന്ന് നിര്‍മിക്കുന്ന മുറിയുടെ താക്കോല്‍ ലഭിച്ചിരുന്നു.

സ്റ്റെല്ല താമസിക്കുന്ന മുറി പരിശോധിക്കാനെത്തിയപ്പോഴാണ് ഇവര്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടിയത്. മുറിയില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കളുടെ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൂട്ടുപ്രതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.