മധ്യപ്രദേശിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ ആശുപത്രിക്കുള്ളില്‍ വെച്ച് കഴുത്തറത്ത് കൊന്നു

ഭോപ്പാല്‍: മധ്യപ്രദേശിലെ നർസിംഗ്പൂർ ജില്ലാ ആശുപത്രിക്കുള്ളിൽ വച്ച് പട്ടാപ്പകൽ പ്ലസ്ടു വിദ്യാര്‍ഥിനിയെ കഴുത്തറത്ത് കൊന്നു. ജൂൺ 27 നായിരുന്നു ദാരുണമായ സംഭവം നടന്നത്. നര്‍സിങ്പുര്‍ സ്വദേശിനിയായ സന്ധ്യ ചൗധരി(19)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ മുൻ കാമുകൻ അഭിഷേക് കോഷ്ഠിയെ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ സന്ധ്യ ചൗധരിയെ അഭിഷേക് കോഷ്ടി, ട്രോമ സെന്ററിന് പുറത്ത് ഇരിക്കുമ്പോൾ ആക്രമിക്കുന്നത് കാണാം. നിരവധി ആശുപത്രി ജീവനക്കാരുടെയും അറ്റൻഡർമാരുടെയും സാന്നിധ്യത്തിലാണ് സംഭവം നടന്നതെന്നും അവരാരും ഇടപെട്ടില്ലെന്നും പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി അഭിഷേക് സ്വയം കഴുത്തറത്ത് മരിക്കാനും ശ്രമിച്ചു. പിന്നാലെ ഇയാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, പ്രതിയെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ പിടികൂടാനായെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയും പ്രതിയും പ്രണയത്തിലായിരുന്നുവെന്നും മറ്റൊരാളുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടെന്ന സംശയവും തന്നെ വഞ്ചിച്ചെന്ന തോന്നലുമാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് പോലീസിന്റെ വിശദീകരണം.

രണ്ടുവര്‍ഷം മുന്‍പ് സാമൂഹികമാധ്യമത്തിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. എന്നാല്‍, കഴിഞ്ഞ ജനുവരി മുതല്‍ ബന്ധത്തിൽ വിള്ളലുണ്ടായി. സന്ധ്യ ചൗധരിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് പ്രതി സംശയിച്ചു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ പ്രതി പദ്ധതിയിട്ടതെന്നും പോലീസ് പറഞ്ഞു.

പ്രസവവാര്‍ഡില്‍ കഴിയുന്ന സുഹൃത്തിന്റെ ബന്ധുവിനെ കാണാനാണ് സന്ധ്യ ചൗധരി സംഭവ ദിവസം ജില്ലാ ആശുപത്രിയിലെത്തിയത്. ഉച്ചയോടെ പ്രതി അഭിഷേകും ആശുപത്രിയിലെത്തി. ഉച്ചയ്ക്ക് രണ്ടരയോടെ ആശുപത്രിയിലെ ട്രോമ സെന്ററില്‍ വെച്ചാണ് പെണ്‍കുട്ടിയെ അഭിഷേക് കണ്ടത്. തുടര്‍ന്ന് അൽപനേരം ഇരുവരും സംസാരിക്കുകയും തൊട്ടുപിന്നാലെ പെണ്‍കുട്ടിയെ ആക്രമിച്ച് കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നു.

സംഭവത്തിന് ശേഷം പോലീസും ഫോറൻസിക് സംഘങ്ങളും സ്ഥലത്തെത്തി. അന്വേഷണത്തിന്റെ ഭാഗമായി സന്ധ്യയുടെ മൃതദേഹം മണിക്കൂറുകളോളം സ്ഥലത്ത് തന്നെ തുടർന്നു. അടിയന്തര നടപടി ആവശ്യപ്പെട്ട് അവരുടെ കുടുംബം റോഡ് ഉപരോധം നടത്തി. പൂർണ്ണ അന്വേഷണം നടത്തുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിനെത്തുടർന്ന് രാത്രി വൈകി പ്രതിഷേധം അവസാനിപ്പിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *