Home » Blog » Kerala » അട്ടപ്പാടി ചുരത്തിൽ മരം വീണ് ​ഗതാ​ഗതം തടസപ്പെട്ടു, രോ​ഗിയുമായി പോയ ആംബുലൻസ് റോഡിൽ കുടുങ്ങി, പനിയും ശ്വാസത‌ടസവും മൂലം ​ഗുരുതരാവസ്ഥയിലായിരുന്ന യുവാവിന് ദാരുണാന്ത്യം
8

പാലക്കാട്: അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് രോഗിയുമായി പോയ ആംബുലൻസ് റോഡിൽ കുടുങ്ങി. പനിയും ശ്വാസതടസവും മൂലം ഗുരുതരാവസ്ഥയിലായിരുന്ന യുവാവിന് ദാരുണാന്ത്യം. വെള്ളമാരി ഉന്നതി സ്വദേശി സജീവ് കുമാറാണ് ചികിത്സ വൈകിയതിനെത്തുടർന്ന് ആംബുലൻസിൽ മരണപ്പെട്ടത്. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം.

കടുത്ത പനിയെ തുടർന്ന് സജീവ് കുമാറിനെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ചുരത്തിലെത്തിയപ്പോഴേക്കും മരം വീണതിനെത്തുടർന്ന് റോഡ് ബ്ലോക്കായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം ആംബുലൻസ് അവിടെ കുടുങ്ങി. പിന്നീട് മരം മുറിച്ചുമാറ്റിയ ശേഷം യാത്ര തുടർന്നുവെങ്കിലും തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അതേസമയം, അട്ടപ്പാടി മേഖലയിലെ ജനങ്ങൾ പുറംലോകവുമായി ബന്ധപ്പെടാൻ പ്രധാനമായും ആശ്രയിക്കുന്ന ഏക വഴിയിലെ ഈ യാത്രാ തടസം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മഴക്കാലമാകുമ്പോൾ ചുരത്തിൽ മരം വീണും മറ്റും ഗതാഗതം തടസപ്പെടുന്നത് പതിവായിരിക്കുകയാണ്.