Home » Blog » Kerala » തിരുവനന്തപുരം സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനം; വി ജോയിക്കെതിരെ വിയോജിപ്പുമായി വി ശിവൻകുട്ടി
5

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തെ ചൊല്ലി പാർട്ടിക്കുള്ളിലെ ഭിന്നത വീണ്ടും ശക്തമാകുന്നു. വി ജോയിയെ ജില്ലാ സെക്രട്ടറിയായി തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി വി ശിവൻകുട്ടി സംസ്ഥാന നേതൃത്വത്തെ സമീപിച്ചതായാണ് വിവരം. സംസ്ഥാനത്തുടനീളം ജില്ലാ സെക്രട്ടറിമാരെ തെരഞ്ഞെടുത്തപ്പോൾ പാലിച്ച പൊതുമാനദണ്ഡങ്ങൾ വി ജോയിയുടെ കാര്യത്തിൽ ലംഘിച്ചുവെന്നാണ് വിമർശനം.

എംഎൽഎമാർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്നതാണ് സിപിഐഎമ്മിന്റെ സംഘടനാ രീതി. എന്നാൽ തിരുവനന്തപുരം ജില്ലയിൽ നിലനിന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളും ആഭ്യന്തര തർക്കങ്ങളും പരിഗണിച്ചാണ് വി ജോയിയെ വീണ്ടും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചതെന്നാണ് വിവരം. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി പോലും ചിലർ സംഘടനാ സ്ഥാനങ്ങൾ ഒഴിഞ്ഞിട്ടുണ്ടെന്നും, അതേസമയം, എംഎൽഎയായ വി ജോയിക്ക് ഇളവ് നൽകിയത് ശരിയായ സന്ദേശമല്ലെന്നും വിമതപക്ഷം ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, ജില്ലാ കമ്മിറ്റിയിൽ വി ജോയി തുടരുന്നതിനെതിരെ മൂന്ന് അംഗങ്ങൾ മാത്രമാണ് ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഭിന്നത കൂടുതൽ രൂക്ഷമാകുമോയെന്ന ആശങ്ക സംസ്ഥാന നേതൃത്വത്തിനുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപിയുടെ കൈകളിലായതിനാൽ നഗരത്തിൽ പാർട്ടി പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അതിനായി പരിചയസമ്പന്നനായ നേതൃത്വത്തിന്റെ ആവശ്യമുണ്ടെന്നുമുള്ള അഭിപ്രായവും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥി നിർണയം നടന്നപ്പോൾ, ജില്ലാ സെക്രട്ടറിയായിരുന്ന വി ജോയ് മത്സരിക്കാതെ സംഘടനാ ചുമതലയിൽ തുടരണമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. എന്നാൽ, വി ജോയ് മത്സരിച്ചില്ലെങ്കിൽ വർ‍ക്കല മണ്ഡലം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും വിലയിരുത്തി.  തുടർന്നാണ് വി ജോയ് വർ‍ക്കലയിൽ മത്സരിക്കുകയും ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുകയും ചെയ്തത്. ഇപ്പോൾ അദ്ദേഹത്തെ വീണ്ടും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവന്ന നടപടിയിലാണ് എതിർപ്പ് ഉയർന്നിരിക്കുന്നത്.

ഇതിനിടെ, വി ജോയിയെ തിരിച്ചെത്തിച്ചതിലുള്ള പ്രതിഷേധം പരസ്യമാക്കി കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് മന്ത്രി വി ശിവൻകുട്ടി വിട്ടുനിന്നതും ശ്രദ്ധേയമായി. പിന്നീട് സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് വി ജോയിയെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാൻ ധാരണയായതെന്നാണ് ലഭിക്കുന്ന വിവരം.