എം സ്വരാജ് എന്തു കൊണ്ട് പരാജയപ്പെട്ടു എന്നതിന് അൻവർ എന്ന ഉത്തരത്തിലേക്ക് സിപിഎം

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച നിലപാടിൽ മലക്കംമറിഞ്ഞ് സിപിഎം. നിലമ്പൂരിൽ എം സ്വരാജിന്റെ പരാജയത്തിന് പി വി അൻവർ ഒരു ഘടകമായിരുന്നില്ല എന്ന മുൻ നിലപാടാണ് സിപിഎം തിരുത്തിയത്. തെരഞ്ഞെടുപ്പ് പരാജയത്തിന് അൻവറും ഒരു ഘടകമായിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ഇന്ന് വ്യക്തമാക്കി. നിലമ്പൂരിലെ സിപിഎം വോട്ടുകളും അൻവർ പിടിച്ചെന്നും എം വി ​ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അൻവറിനെതിരെ രൂക്ഷ വിമർശനമാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഉയർത്തിയത്.

പി വി അൻവർ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തം നേട്ടങ്ങളായി അവതരിപ്പിച്ചു എന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു. ഇത് തിരഞ്ഞെടുപ്പിൽ സ്വാധീനിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസിന് ഒപ്പം തന്നെയാണ് അൻവർ ഉള്ളതെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വഞ്ചിച്ചുപോയ വഞ്ചകനായ അൻവർ, യുഡിഎഫിന് വേണ്ടിയാണ് കളംമാറിയത്. ആ വഞ്ചകനായ അൻവറിന് കുറച്ച് വോട്ടുനേടാൻ സാധിച്ചുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

പി.വി അൻവർ കഴിഞ്ഞ ഒമ്പതു വർഷം നിലമ്പൂരിൽ എംഎൽഎ ആയിരുന്നു. സർക്കാരിന്റെ ഭാഗമായി നിന്ന് അവിടെ കുറേ വികസനപ്രവർത്തനങ്ങളെല്ലാം ചെയ്തിരുന്നു. ആ വികസന പ്രവർത്തനങ്ങളുടെ നേട്ടങ്ങൾ അൻവറിന് ഗുണമായിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വിലയിരുത്തി. അൻവർ പിടിച്ചതിൽ ഇടതുമുന്നണിയുടെ വോട്ടുകളും ഉണ്ടെന്നും അദ്ദേഹം സമ്മതിച്ചു. അതേസമയം തിരഞ്ഞെടുപ്പ് ഫലത്തിന്റെ കാര്യത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നില്ല എന്ന കാര്യവും അദ്ദേഹം ആവർത്തിച്ചു.

സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിൽ വലിയ തോതിൽ പരാജയം സംഭവിച്ചു. അതൊരു പാഠമാക്കി എടുത്തുകൊണ്ട് വരുന്ന നാളുകളിൽ പ്രവർത്തിക്കേണ്ടതുണ്ടെന്ന വിലയിരുത്തലും സിപിഎം യോഗത്തിലുണ്ടായി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ വിശദമായ വിലയിരുത്തലാണ് ഒരു ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റിലും രണ്ടു ദിവസം നീണ്ട സംസ്ഥാന സമിതി യോഗത്തിലും ഉണ്ടായത്.

നിലമ്പൂരിൽ പി.വി അൻവർ ഒരു ഘടകമേ അല്ലെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. അൻവറിന്റെ കൂടെ ഒരു ഇടത് സഹയാത്രികൻ പോലും പോയിട്ടില്ലെന്നും എം വി ഗോവിന്ദൻ ആവർത്തിച്ച് പറഞ്ഞിരുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും അദ്ദേഹം തന്റെ നിലപാട് ആവർത്തിച്ചിരുന്നു. എന്നാൽ, സംസ്ഥാന നേതൃയോ​ഗങ്ങൾക്ക് പിന്നാലെയാണ് പാർട്ടി സെക്രട്ടറി ഇപ്പോൾ ഇക്കാര്യത്തിൽ നിലപാട് മാറ്റിയിരിക്കുകന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *