Home » Blog » Kerala » മന്ത്രിസ്ഥാനം നഷ്ടമായതിന് പിന്നാലെ അർഹമായ പദവികളും ഇല്ല; മുസ്‌ലിം ലീഗിലെ സമവാക്യങ്ങൾ തെറ്റുന്നു; അതൃപ്തി പരസ്യമാക്കി നേതാക്കൾ
muslim-league-680x450

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ആറ് സീറ്റുകളിൽ വിജയിച്ചിട്ടും മന്ത്രിസ്ഥാനം നൽകാതിരുന്നതിന് പിന്നാലെ, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിലും ജില്ലയെ പൂർണ്ണമായി തഴഞ്ഞതായി ആക്ഷേപം. ഇതിൽ പ്രതിഷേധിച്ച് കോഴിക്കോട് മുസ്‌ലിം ലീഗില്‍ ഭിന്നതയും അതൃപ്തിയും രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ നേതൃയോഗങ്ങളില്‍ പാർട്ടി അംഗങ്ങളും പ്രാദേശിക നേതാക്കളും തങ്ങളുടെ ശക്തമായ പ്രതിഷേധം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

 

സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിനായി 13 പേരുടെ പ്രാഥമിക പട്ടികയായിരുന്നു ജില്ലാ കമ്മിറ്റി കൈമാറിയിരുന്നത്. ഇതിൽ കുറഞ്ഞത് 5 പേരെങ്കിലും പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരാളെപ്പോലും നിയമിച്ചില്ല. നിലവിൽ മന്ത്രിമാരുടെ സ്റ്റാഫിലേക്ക് നിയമനം ലഭിച്ചവരിൽ ഭൂരിഭാഗവും തെക്കൻ ജില്ലകളിൽ നിന്നുള്ളവരാണെന്നാണ് കോഴിക്കോട്ടെ നേതാക്കളുടെ ആക്ഷേപം. പാർട്ടി നേതൃത്വം നൽകുന്ന പട്ടികയിൽ നിന്നാകും നിയമനം എന്നായിരുന്നു ആദ്യ ധാരണ. എന്നാൽ ഇത് മറികടന്ന് കോട്ടയം, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള സെക്രട്ടേറിയറ്റ് ജീവനക്കാരെ മന്ത്രിമാർ സ്വന്തം നിലയ്ക്ക് സ്റ്റാഫിലേക്ക് നിയമിക്കുകയായിരുന്നുവെന്ന് യോഗത്തിൽ വിമർശനമുയർന്നു.

 

മലപ്പുറം കഴിഞ്ഞാൽ മുസ്‌ലിം ലീഗിന് ഏറ്റവും കൂടുതൽ ജനപ്രതിനിധികളെ സമ്മാനിച്ച ജില്ലയായിട്ടും കോഴിക്കോടിനോട് കാണിക്കുന്ന വിവേചനമാണ് അണികളെ ചൊടിപ്പിക്കുന്നത്. ആറ് സീറ്റുകളിലെ തിളക്കമാർന്ന വിജയത്തിന് ശേഷവും മന്ത്രിസഭ രൂപീകരണ വേളയിൽ കോഴിക്കോടിനെ പരിഗണിച്ചിരുന്നില്ല. ആ അമർഷം നിലനിൽക്കെത്തന്നെയാണ് ഇപ്പോൾ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിലും ജില്ലയെ പൂർണ്ണമായി തഴഞ്ഞിരിക്കുന്നത്.