Home » Blog » kerala Max » കരുവന്നൂർ കള്ളപ്പണക്കേസ്: കെ രാധാകൃഷ്ണനെയും എ സി മൊയ്തീനെയും വിചാരണ ചെയ്യാൻ സർക്കാർ അനുമതി ആവശ്യമില്ലെന്ന് പി.എം.എൽ.എ കോടതി
karuvannur-bank-scam

കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തിനും മുതിർന്ന നേതാക്കൾക്കും കനത്ത തിരിച്ചടി നൽകിക്കൊണ്ട് കൊച്ചി കലൂർ പി.എം.എൽ.എ (PMLA) പ്രത്യേക കോടതിയുടെ നിർണ്ണായക ഉത്തരവ്. നിലവില്‍ സമര്‍പ്പിച്ചിട്ടുള്ള രേഖകളും മൊഴികളും പ്രതികള്‍ക്കെതിരെ കുറ്റം ചുമത്താന്‍ മതിയായ തെളിവുകളാണെന്ന് കോടതി വ്യക്തമാക്കി. പ്രതികള്‍ ഉന്നയിക്കുന്ന വാദങ്ങളും പ്രതിരോധങ്ങളും വിചാരണ വേളയിലാണ് പരിശോധിക്കേണ്ടതെന്നും കോടതി പറഞ്ഞു. നിലവിലേത് കുറ്റപത്രം സ്വീകരിക്കുന്നതിനു മുന്‍പുള്ള പ്രാഥമിക ഘട്ടമാണ്, മിനി വിചാരണ അല്ല.

സിപിഐഎം നേതാക്കളായ കെ രാധാകൃഷ്ണന്‍ എംപി, എ സി മൊയ്തീന്‍ എംഎല്‍എ എന്നിവരെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി ആവശ്യമില്ല. കുറ്റകൃത്യം ഔദ്യോഗിക പദവിയുടെ ഭാഗമായി ചെയ്തതല്ലെന്നും അതിനാല്‍ സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്നുമാണ് കോടതിയുടെ വിശദാംശങ്ങളില്‍ പറയുന്നത്. കരുവന്നൂര്‍ കള്ളപ്പണ കേസില്‍ പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് അറിയിച്ച് പിഎംഎല്‍എ കോടതി നേതാക്കള്‍ക്ക് സമന്‍സ് അയച്ചിരുന്നു. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് കോടതി നിരീക്ഷണം. അടുത്തമാസം നാലിന് പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം.

കേസില്‍ സിപിഐഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്, മുന്‍ മന്ത്രി എ സി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍ എം പി എന്നിവര്‍ക്കുപുറമേ സിപിഐഎമ്മിനെയും പ്രതിചേര്‍ത്തിരുന്നു.കേസില്‍ എ സി മൊയ്തീന്‍ 67-ാം പ്രതിയും സിപിഐഎം 68-ാം പ്രതിയും എം എം വര്‍ഗീസ് 69-ാം പ്രതിയും കെ രാധാകൃഷ്ണന്‍ 70-ാം പ്രതിയുമാണ്. പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചെന്ന് ഇ ഡി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. പാര്‍ട്ടിയുടേത് ഉള്‍പ്പടെ 128.82 കോടി രൂപയുടെ ആസ്തികള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.