തിരുവനന്തപുരം: പശ്ചിമ ബംഗാളിൽ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിമത തൃണമൂൽ കോൺഗ്രസ് എംഎൽഎ ഋതബ്രത ബാനർജിയെ വിമർശിച്ച് മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സിപിഎമ്മിലായിരുന്ന കാലത്ത് ഋതബ്രത ബാനർജിയുമായി ബന്ധപ്പെട്ട പഴയ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ വിമർശനം. 2007-ൽ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഡൽഹിയിൽ തനിക്കൊപ്പം ഋതബ്രത ബാനർജി താമസിക്കാനെത്തിയപ്പോഴുണ്ടായ അനുഭവമാണ് ശ്രീരാമകൃഷ്ണൻ പങ്കുവെച്ചിരിക്കുന്നത്. താമസത്തിനായി കിട്ടിയ മുറി കണ്ട് അന്ന് ഇതിനേക്കാൾ നല്ലത് കക്കൂസിൽ താമസിക്കുന്നതാണെന്ന് പറഞ്ഞ് ഋതബ്രത ബാനർജി ഇറങ്ങിപ്പോയി. അച്ചടക്കം ഇല്ലാത്ത, വിനയം തൊട്ടുതീണ്ടിയിട്ടില്ലാത്തയാളാണ് ഋതബ്രത ബാനർജിയെന്ന് ശ്രീരാമകൃഷ്ണൻ കുറ്റപ്പെടുത്തി.
പി. ശ്രീരാമകൃഷ്ണന്റെ കുറിപ്പിന്റെ പൂർണ്ണരൂപം :
ഋതബ്രത ബാനർജി ബംഗാളിലെ പ്രതിപക്ഷ നേതാവ്.
2007 ൽ ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡൻറായി ഡൽഹിയിലേക്ക് മാറുമ്പോൾ പാർട്ടി ഒരുക്കിയ പരിമിതമായ താമസസ്ഥലത്ത് ഒരു കൊച്ചു മുറിയിൽ (അടുക്കള) താമസക്കാരനായി ചെല്ലുമ്പോൾ അവിടെ എന്റെ കൂടെ താമസക്കാരനായി വരേണ്ടിയിരുന്നത് അന്നത്തെ എസ്.എഫ്.ഐ സെക്രട്ടറി ആയിരുന്ന ഈ ബാനർജി ആയിരുന്നു. അന്ന് എം.പി. ആയിരുന്ന രാജ്നാഥ് സിംഗിന്റെ ബംഗ്ലാവിന്റെ തൊട്ടടുത്തുള്ള 42, അശോക എന്ന ഞങ്ങളുടെ കൊച്ചുവീട്ടിൽ ഞങ്ങൾ ഉൾപ്പെടെ എട്ടോളം കുടുംബങ്ങൾ അടുക്കളയിലും വരാന്തകളിലുമായി കഴിഞ്ഞുകൂടി. എം.പി. മാർക്ക് ലഭിക്കുന്ന ബംഗ്ലാവുകളും സർവ്വൻറ് ക്വാർട്ടേഴ്സുകളും എല്ലാം പാർട്ടി ഏറ്റെടുത്ത് എ.കെ.ജി ഭവനിലെ ജീവനക്കാർക്കും വർഗ്ഗബഹുജന സംഘടനകളുടെ ഭാരവാഹികൾക്കും വീതംവച്ചു നൽകുകയായിരുന്നു പതിവ്. ഏതാണ്ട് രാത്രി 9 മണി കഴിഞ്ഞപ്പോൾ എന്റെ സഹമുറിയനായി ബാനർജി വന്നു. മുറിയുടെ അവസ്ഥ കണ്ടപാടെ അവൻ ക്ഷുഭിതനായി. What is this comrade? How can we stay here, better to search for a toilet for sleep. We are not street beggars I won’t stay here എന്നെല്ലാം വിളിച്ച് പറഞ്ഞ് അയാൾ ഇറങ്ങിപ്പോയി. പിന്നീട് ഒരിക്കലും അയാൾ അങ്ങോട്ട് വന്നതേയില്ല. ഒന്നാം യു.പി.എ ഭരണത്തിന്റെ ആനുകൂല്യവും സ്വാധീനവും ഉപയോഗിച്ച് അദ്ദേഹം പല സ്ഥലങ്ങളിലായി ലക്ഷ്വറി ജീവിതം ആസ്വദിച്ച് താമസിച്ചു. അച്ചടക്കം ഇല്ലാത്ത, വിനയം തൊട്ടുതീണ്ടിയിട്ടില്ലാത്ത അവൻ പിന്നീട് കാണുമ്പോൾ എല്ലാം എന്നെ പരിഹസിക്കുമായിരുന്നു. You are still staying in that kennel or dog house? Horrible. നടപ്പിലോ ഇരിപ്പിലോ കമ്മ്യൂണിസ്റ്റ് രീതികളുടെ ഒരു സ്വാധീനവും ഇല്ലാത്ത ഒരാൾ തൃണമൂൽ കോൺഗ്രസ്സിലൂടെ നുഴഞ്ഞ് കേറി ബംഗാളിലെ പ്രതിപക്ഷ പ്രതിരോധത്തിന്റെ മുഖമായി മാറിയിരിക്കുന്നു. അത്ഭുതപ്പെടാനില്ല. ഓരോ ജനതയ്ക്കും അവർക്ക് അർഹതപ്പെട്ട നേതൃത്വമാണ് ലഭിക്കുക.
