Home » Blog » Kerala » “ഭാര്യ താലി ഊരി മാറ്റുകയോ, വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്യുന്നത്, ഭർത്താവിനോടുള്ള മാനസീക പീഡനമായി കണക്കാക്കും” – മദ്രാസ് ഹൈക്കോടതി
9

ചെന്നൈ: ഭാര്യ താലി ഊരിമാറ്റുകയും ഭർത്താവിനെതിരെ വ്യാജ ആരോപണങ്ങൾ ഉയർത്തുകയും ചെയ്യുന്നത് ഹിന്ദു വിവാഹ നിയമപ്രകാരം ഭർത്താവിനോടുള്ള മാനസിക ക്രൂരതയായി കണക്കാക്കാമെന്ന് മദ്രാസ് ഹൈക്കോടതി. റിട്ടയേർഡ് സൈനികനു കീഴ്ക്കോടതി അനുവദിച്ച വിവാഹമോചന ഉത്തരവ് ശരിവെച്ചുകൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന പരാമർശം.

1977-ലാണ് ദമ്പതികളുടെ വിവാഹം നടന്നത്. ഭർത്താവിന് മറ്റ് ബന്ധങ്ങളുണ്ടെന്നാരോപിച്ച് ഭാര്യ പിരിഞ്ഞ് കഴിയുകയായിരുന്നു. തുടർന്ന് ഭർത്താവിന്റെ സൈനിക മേലധികാരികൾക്ക് നിരന്തരം പരാതികൾ നൽകുകയും, താലി ഊരിമാറ്റുകയും ചെയ്തതായി കേസിൽ വ്യക്തമാകുന്നു. ഏകദേശം 30 വർഷത്തിലേറെയായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഭർത്താവിന്റെ വിവാഹമോചന ഹർജിയിൽ ഭാര്യ ക്രിസ്തുമതത്തിലേക്ക് മാറിയതായും താലി ധരിക്കുന്നത് നിർത്തിയതായും ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രയൽ കോടതിയും അപ്പീൽ കോടതിയും വിവാഹമോചനം അനുവദിച്ചത്. പിന്നീട് ഭാര്യ ഇതിനെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ജസ്റ്റിസ് പി. വടമലൈ അധ്യക്ഷനായ ബെഞ്ച്, ഭാര്യയുടെ പെരുമാറ്റം മാനസിക പീഡനത്തിന്റെ പരിധിയിൽ വരുമെന്ന് നിരീക്ഷിച്ചു. “താലി” ഹിന്ദു വിവാഹങ്ങളിൽ വിവാഹബന്ധത്തിന്റെ പ്രതീകമാണെന്നും, അത് ഊരിമാറ്റുന്നത് വിവാഹബന്ധത്തെ തന്നെ അവഗണിക്കുന്ന പ്രവൃത്തിയായി കാണാമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹിന്ദു വിവാഹങ്ങളിൽ താലിക്കുള്ള സാംസ്കാരികവും വൈകാരികവുമായ പ്രാധാന്യത്തെക്കുറിച്ച് മദ്രാസ് ഹൈക്കോടതിയുടെ മുൻകാല വിധികളും കോടതി ചൂണ്ടിക്കാണിച്ചു. “ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ഒരു ഹിന്ദു ഭാര്യയും ഒരു ഘട്ടത്തിലും താലി ഊരിമാറ്റില്ല എന്നത് പരസ്യമായ കാര്യമാണ്. ഭാര്യയുടെ കഴുത്തിലെ ‘താലി’ വിവാഹജീവിതത്തിന്റെ തുടർച്ചയെ പ്രതീകപ്പെടുത്തുന്ന പവിത്രമായ ഒന്നാണ്. ഭർത്താവിന്റെ മരണശേഷമേ അത് മാറ്റാറുള്ളൂ. അതിനാൽ, ഹർജിക്കാരിയായ ഭാര്യ താലി ഊരിമാറ്റിയത് പരമാവധി ക്രൂരതയായി കണക്കാക്കാം. ഇത് ഭർത്താവിന് കടുത്ത മാനസിക വിഷമമുണ്ടാക്കുകയും അദ്ദേഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തിട്ടുണ്ടാകാം.” – എന്നായിരുന്നു കോടതി നിരീക്ഷണം.

ദമ്പതികൾ ദീർഘകാലമായി വേർപിരിഞ്ഞ് കഴിയുന്നതും കേസിൽ നിർണായകമായി. 1996 മുതൽ ഭർത്താവിൽ നിന്ന് അകന്നാണ് താമസിക്കുന്നതെന്ന് ഭാര്യ തന്നെ കോടതിയിൽ സമ്മതിച്ചിരുന്നു. ഇരുവർക്കും ഒരു മകനും ഒരു മകളും ഉള്ളതായി രേഖകളിൽ പറയുന്നു. ഈ സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് കീഴ്ക്കോടതി നൽകിയ വിവാഹമോചനം ഹൈക്കോടതി ശരിവെച്ചു.