കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ ജീവൻ നഷ്ടമായത് മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്മാനാണെന്ന് തിരിച്ചറിഞ്ഞു. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുവൈറ്റിലെ യുഎസ് സൈനിതാവളങ്ങളിൽ നിന്ന് ഇറാനെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ഇറാൻ തിരിച്ചടി ആക്രമണം നടത്തിയത്. ഇറാൻ അമേരിക്കയും തമ്മിൽ വെടിനിർത്തൽ കരാറുള്ളപ്പോഴാണ് ആക്രമണം നടന്നിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യ വീണ്ടും അശാന്തിയിലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയിൽ ഹോർമുസ് കടലിടുക്കിലെ ഇറാന്‍റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചത്. വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.ക്വിഷം ദ്വീപിലെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈത്തിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചു. ‘അമേരിക്കൻ ഭീകരസേനയുടെ കടുത്ത അഹങ്കാരത്തിനും ആക്രമണത്തിനും’ ഉള്ള മറുപടിയാണിതെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
