നാല് മക്കളുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഫരീദാബാദ്: തന്നോടൊപ്പം നാല് ആൺമക്കളെയും ചേർത്ത് പിടിച്ച് ട്രെയിനിന് മുന്നിൽ അച്ഛൻ ജീവനൊടുക്കി. 36 കാരൻ നാലുകുട്ടികളുമായി പാർക്കിലേക്ക് പോയതാണ്. ഗോൾഡൻ ടെംപിൾ എക്സ്പ്രസിന് മുന്നിലാണ് മൂന്ന് വയസിനും 9 വയസിനും ഇടയിലുള്ള നാല് ആൺമക്കളെയാണ് മനോജ് മെഹ്തോ എന്ന ദിവസവേതനക്കാരൻ തന്നോടൊപ്പം ചേർത്ത് പിടിച്ചത്. ഫരീദാബാദിലെ ബല്ലാഗഡിൽ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം.

ഉച്ചയ്ക്ക് 12.15ഓടെയാണ് സുഭാഷ് കോളനിയിലെ വീട്ടിൽ നിന്ന് സമീപത്തെ പാർക്കിലേക്കെന്ന പേരിൽ മനോജ് കുട്ടികളുമായി പോയത്. എന്നാൽ പാർക്കിലേക്ക് പോവുന്നതിന് പകരം ഇയാൾ എൽസൺ ചൗക്കിലെ ഫ്ലൈ ഓവറിന് താഴെ ഒരു മണിക്കൂറോളം മക്കളുമായി കാത്തിരുന്ന ശേഷമാണ് ട്രെയിനിന് മുന്നിൽ ചാടിയത്. രണ്ട് മക്കളെ ചുമലേറ്റി രണ്ട് മക്കളെ ഓരോ കയ്യിലും പിടിച്ചാണ് മനോജ് ട്രാക്കിലൂടെ നടന്നുവന്നത്. ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയിട്ടും ഇവര്‍ ട്രാക്കില്‍ നിന്നിറങ്ങിയില്ലെന്ന് ലോക്കോ പൈലറ്റ് സ്റ്റേഷനിൽ അറിയിച്ചത്. ഇരുകൈകളിലുമായി ആൺമക്കളെയുമെടുത്ത് ട്രാക്കിലേക്ക് കയറിയ ഇയാൾ ട്രെയിൻ പാഞ്ഞുവരുന്നത് കണ്ട് ഓടാൻ ശ്രമിച്ച മകനെ പോലും രക്ഷപ്പെടാൻ അനുവദിച്ചില്ലെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ബിഹാർ സ്വദേശിയായ മനോജിന്റെ പോക്കറ്റിൽ നിന്ന് കിട്ടിയ ആധാർ കാർഡിൽ നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.

മക്കൾക്ക് കോളയും ചിപ്സും അടക്കം വാങ്ങി നൽകിയ ശേഷമായിരുന്നു ആത്മഹത്യയെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഒരു സ്ത്രീയും കുട്ടികളെയും ട്രെയിൻ തട്ടിയെന്നായിരുന്നു ലോക്കോ പൈലറ്റ് ബല്ലാഗഡ് സ്റ്റേഷനിൽ അറിയിച്ചത്. എന്നാൽ പൊലീസ് എത്തി പരിശോധിക്കുമ്പോഴാണ് മരിച്ചത് ഒരു പുരുഷനാണെന്ന് വ്യക്തമായത്. ചിന്നിച്ചിതറിയ ശരീര ഭാഗങ്ങൾക്കിടയിൽ നിന്ന് ലഭിച്ച ചെറുകുറിപ്പിൽ നിന്ന് മനോജിന്റെ ഭാര്യ പ്രിയയുടെ നമ്പറും ലഭിച്ചിരുന്നു.

സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച കുറിപ്പിൽ നിന്നുള്ള ഫോൺ നമ്പറിൽ വിളിച്ച് വിവരം അറിയിച്ചപ്പോൾ പാർക്കിൽ പോയതെന്നായിരുന്നു പ്രിയയുടെ മറുപടി. പിന്നീട് സംഭവ സ്ഥലത്ത് മൃതദേഹങ്ങൾ തിരിച്ചറിയാൻ പ്രിയയെ എത്തിച്ചു. ഭർത്താവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ കണ്ടതോടെ യുവതി സ്ഥലത്ത് ബോധം കെട്ട് വീണു. ദമ്പതികൾക്കിടയിൽ തർക്കങ്ങൾ പതിവായിരുന്നെങ്കിലും പെട്ടന്നുള്ള പ്രകോപനം എന്താണെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. മുംബൈയിൽ നിന്ന് വരികയായിരുന്ന ട്രെയിൻ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 1.10ഓടെയാണ് അഞ്ച് പേരെ ഇടിച്ച് തെറിപ്പിച്ചത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *