Home » Blog » Kerala » തോല്‍വിക്ക് കാരണം പിണറായിയല്ല; വെടിപൊട്ടിച്ച് വെള്ളാപ്പള്ളി
pinarayi

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് എല്‍ഡിഎഫിനെ നയിച്ച ആളെന്ന നിലയില്‍ പിണറായി വിജയന്‍ പ്രതിക്കൂട്ടിലാണ്. മുന്നണിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ആരോപണ ശരങ്ങള്‍ ഉയരുന്നത് പിണറായിക്ക് നേരെ തന്നെയാണ്. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന ആവശ്യം പാര്‍ട്ടിയിലും മുന്നണിയിലും ശക്തവുമാണ്. പിണറായി പ്രതിസന്ധിയില്‍ തുടരുമ്പോള്‍ തന്നെയാണ് അപ്രതീക്ഷിതമായി പിണറായിക്ക് പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തുന്നത്.

അധികാരത്തിന്റെ മധുരം നുകർന്ന് രസിച്ച് ഉല്ലസിച്ചവർ ഭരണം നഷ്ടമായി ജനങ്ങളുടെ മുന്നിലേക്ക് ഇറങ്ങേണ്ടി വന്നപ്പോൾ തോൽവിയുടെ ഉത്തരവാദിത്വം ഒരാളുടെ ചുമലിലേക്ക് കെട്ടിവയ്ക്കുന്നതും വേട്ടയാടുന്നതും ശരിയല്ല. പിണറായിയെ ക്രൂശിക്കുന്നത് നീതികേടാണ്. തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ല. പാർട്ടി ഓഫീസുകൾ ദല്ലാളുമാരും കച്ചവടക്കാരും കൈയടക്കി. അധികാരലഹരിയിൽ നേതാക്കളും അണികളും സാധാരണക്കാരിൽ നിന്നും അകന്നു. എസ്എന്‍ഡിപി മുഖപത്രമായ യോഗനാദത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

ചരിത്രത്തിലാദ്യമായി ഇടതുമുന്നണിക്ക് തുടർഭരണം നേടിക്കൊടുത്ത നേതാവാണ് പിണറായി വിജയൻ. പിണറായി വിജയനെ ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും പത്തുവർഷം വാഴ്ത്തിപ്പാടിയ സ്വന്തം പാർട്ടിക്കാരിൽ ഒരു വിഭാഗം മൂന്നാമതും ഭരണത്തുടർച്ച കിട്ടാതെ വന്നപ്പോൾ അതിന്റെ എല്ലാ കുറ്റങ്ങളും അദ്ദേഹത്തിന്റെ തലയിൽ കെട്ടിവച്ച് ആക്ഷേപശരങ്ങളെയ്യുന്ന തിരക്കിലാണ്. ബ്രാഞ്ച് കമ്മിറ്റി മുതൽ പോളിറ്റ് ബ്യൂറോ വരെയും പൊതുവേദികളിലും ഇതാണവസ്ഥ. വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ 2021ൽ ഇടതുമുന്നണി തോറ്റു തുന്നംപാടുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പിണറായിയുടെ നേതൃത്വത്തിൽ തന്നെ മുന്നണി ഉജ്ജ്വലവിജയം നേടിയത് ചെറിയ കാര്യമായിരുന്നില്ല.

അധികാരലഹരി നുകരുന്ന തിരക്കിൽ പാർട്ടിയുടെ മേൽത്തട്ടു മുതൽ കീഴ്ത്തട്ടുവരെയുള്ള ഇക്കൂട്ടർ ചെയ്ത പാപങ്ങളാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത്. വെള്ളാപ്പള്ളി വ്യക്തമാക്കുന്നു. ശബരിമല അയ്യപ്പ സംഗമത്തിനു വെള്ളാപ്പള്ളിയെ ഒപ്പം കാറില്‍ കയറ്റിയതിനു പഴി കേട്ടത് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായിയാണ്. വെള്ളാപ്പള്ളിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി ലീഗ് ഉള്‍പ്പെടെ ആരോപണശരങ്ങള്‍ ശക്തമാക്കിയപ്പോള്‍ പ്രതിരോധം തീര്‍ത്തത് പിണറായി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ തന്നെയായിരുന്നു. ഇപ്പോള്‍ പിണറായി വെന്തുരുകുമ്പോള്‍ രക്ഷയ്ക്കായി വെള്ളാപ്പള്ളി എത്തിയെങ്കിലും അത് എത്രമാത്രം ഫലം ചെയ്യുമെന്ന് കാത്തിരുന്നു കാണേണ്ട കാര്യമാണ്.