പാലക്കാട്: ലോകമെമ്പാടുമുള്ള ആരാധകർ പിന്തുടരുന്ന വിഖ്യാത വ്യക്തിത്വമാണ് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. എന്നാൽ സാക്ഷാൽ മെസ്സി പിന്തുടരുന്ന സോഷ്യൽ മീഡിയ പേജുകൾ വിരളമാണ്. ആ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് പാലക്കാട് ചന്ദ്രനഗർ സ്വദേശികളും സഹോദരിമാരുമായ സാന്ദ്രയും സ്നിഗ്ധയും.
ചന്ദ്രനഗർ സാന്ദ്രാനന്ദത്തിൽ എസ്. ശശിധരന്റെയും പി.കെ. ശർമിളയുടെയും മക്കളായ ഇവർ നടത്തുന്ന ഇൻസ്റ്റഗ്രാം പേജിന്റെ ഫോളോവറാണ് മെസ്സി. കൗതുകകരമെന്നു പറയട്ടെ, ആ പേജ് മെസ്സിയുടെ ഭാര്യ ആന്റൊനെല റൊക്കുസ്സോയെ കേന്ദ്രീകരിച്ചുള്ളതാണ്. കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോഴാണ് മെസ്സിയെക്കുറിച്ച് ഒരു സോഷ്യൽ മീഡിയ പേജ് തുടങ്ങണമെന്ന ആശയം സഹോദരിമാർക്കുണ്ടായത്.
പിന്നീട് ആ ചിന്ത മെസ്സിയുടെ ജീവിതപങ്കാളിയായ ആന്റൊനെലയിലേക്കെത്തി. 2021-ൽ ‘ആന്റൊനെല ഗാലറി’ എന്ന പേരിൽ ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ച അവർ, മെസ്സിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങൾ, വീഡിയോകൾ, വിശേഷങ്ങൾ എന്നിവ സ്ഥിരമായി പങ്കുവെക്കാൻ തുടങ്ങി. ക്രമേണ അർജന്റീനൻ ഫുട്ബോൾ ആരാധകർക്കിടയിൽ പേജ് ശ്രദ്ധനേടി. ഇന്ന് ഏകദേശം 3.99 ലക്ഷം ഫോളോവേഴ്സാണ് പേജിനുള്ളത്.
2025-ൽ ആന്റൊനെല തന്നെ പേജ് ശ്രദ്ധിക്കാനും സന്ദർശിക്കാനും തുടങ്ങി. അതേ വർഷം മാർച്ചിൽ അവർ പേജിനെ ഫോളോ ചെയ്യുകയും ചെയ്തു. മെസ്സി കേരളത്തിലേക്കെത്തുമെന്ന വാർത്ത പേജിലൂടെ പങ്കുവെച്ചതോടെയാണ് കാര്യങ്ങൾ കൂടുതൽ ശ്രദ്ധേയമായത്. 2025 ഓഗസ്റ്റ് 23-ന് ഫുട്ബോൾ ലോകത്തെ സൂപ്പർതാരം ലയണൽ മെസ്സി തന്നെ ഈ പേജിന്റെ ഫോളോവറായി മാറി.
2025 ഡിസംബറിൽ മെസ്സി ഇന്ത്യയിലെത്തിയപ്പോൾ സാന്ദ്രയും സ്നിഗ്ധയും മുംബൈയിലെത്തി അദ്ദേഹത്തെ നേരിൽ കാണാൻ ശ്രമിച്ചിരുന്നു. അന്ന് കേരള സന്ദർശനത്തെക്കുറിച്ച് അന്വേഷിച്ച് ആന്റൊനെലയ്ക്ക് അയച്ച സന്ദേശത്തിന് മറുപടിയും ലഭിച്ചു. കേരളത്തിലെത്താൻ സാധിക്കില്ലെന്നും സന്ദേശം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ആന്റൊനെല മറുപടി നൽകിയതായി ഇരുവരും പറയുന്നു. മുംബൈയിൽ നിന്ന് പങ്കുവെച്ച വീഡിയോ ആന്റൊനെല ലൈക്ക് ചെയ്തതും ഇവരുടെ സന്തോഷം ഇരട്ടിയാക്കി.
നിലവിൽ പേജിലൂടെ രണ്ടായിരത്തിലധികം ചിത്രങ്ങളും ആയിരക്കണക്കിന് സ്റ്റോറികളും പങ്കുവെച്ചിട്ടുണ്ട്. സാന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിങ് ബിരുദധാരിയാണ്. സ്നിഗ്ധ എറണാകുളത്ത് അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് രണ്ടാംവർഷ വിദ്യാർഥിനിയാണ്.
