മെഷീൻ കോഫി കുടിക്കുന്നവർ ജാഗ്രതൈ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാലുംവെള്ളത്തിൽ കിട്ടും

ജോലിത്തിരക്കുകൾക്കിടയിലും മറ്റും ഒരു ഉണർവിനായി കാപ്പിയോ ചായയോ കുടിക്കാത്തവർ കുറവായിരിക്കും. ഇപ്പോൾ ഭൂരിഭാഗം ഓഫീസുകളിലും കോഫി മെഷീനും കാണും. സഹപ്രവർത്തകരുമായി സംസാരിച്ച് ദിവസവും രണ്ടും മൂന്നുമായി നല്ലൊരു “കോഫി ബ്രേക്ക്” എടുക്കാത്തവരായി ആരും കാണില്ല. ഇങ്ങനെ ഇടയ്ക്കിടെ എഴുന്നേറ്റു പോയി കോഫി മെഷീനില്‍ നിന്നും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ശീലം നിര്‍ത്താന്‍ സമയമായി!

മെഷീൻ കാപ്പികൾ പതിവായി കുടിക്കുന്നവര്‍ ഹൃദയത്തിനു കൊടുക്കുന്നത് ‘എട്ടിന്‍റെ പണി’യാണെന്ന് പുതിയ പഠനങ്ങളിൽ പറയുന്നത്. സ്വീഡനിലെ ഉപ്സാലയൂണിവേഴ്സിറ്റിയിലെയും ചാൽമേഴ്സ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെയും ഗവേഷകരാണ് കാപ്പിയും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഈ പഠനം നടത്തിയത്. കാപ്പി എങ്ങനെ തയ്യാറാക്കുന്നു എന്നതിനെ ആശ്രയിച്ച് അതിന്‍റെ ആരോഗ്യപരമായ ഗുണങ്ങൾ വ്യത്യാസപ്പെടാം. ‘ന്യൂട്രീഷൻ, മെറ്റബോളിസം ആൻഡ് കാർഡിയോവാസ്കുലർ ഡിസീസസ്’ എന്ന ശാസ്ത്ര മാസികയിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട്, കാപ്പി ഉണ്ടാക്കുന്ന രീതികളും കൊളസ്ട്രോളുമായുള്ള ബന്ധവുമാണ് പ്രധാനമായും പരിശോധിച്ചത്.

പഠനത്തിനായി അവര്‍ പതിനാല് തരം കോഫി മെഷീനുകൾ ഉപയോഗിച്ചു. വീടുകളിൽ സാധാരണയായി കാപ്പി തയ്യാറാക്കുന്ന രീതികളും പഠനവിധേയമാക്കി. ലോഹ ഫിൽട്ടറുകൾ ഉപയോഗിക്കുന്ന മെഷീനുകൾ, ഫിൽട്ടറില്ലാതെ ചൂടുവെള്ളവും കാപ്പിയും നേരിട്ട് ചേർത്തുള്ള രീതികൾ (ഉദാഹരണത്തിന് ഫ്രഞ്ച് പ്രസ്), ഇൻസ്റ്റന്‍റ് കാപ്പി മെഷീനുകൾ എന്നിവയെല്ലാം പഠനത്തിനായി ഉപയോഗിച്ചു. മെഷീനിൽ നിന്ന് തയാറാക്കുന്ന കാപ്പി പതിവായി കുടിക്കുന്നത് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചീത്ത കൊളസ്ട്രോളിന്‍റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും എന്നതാണ് ഈ പഠനത്തിലെ പ്രധാന കണ്ടെത്തലുകളിലൊന്ന്. ആഴ്ചയിൽ മൂന്ന് കപ്പ് മെഷീൻ കാപ്പി കുടിക്കുന്നവരിൽ പോലും കാലക്രമേണ ചീത്ത കൊളസ്ട്രോൾ കൂടുന്നതായി കണ്ടെത്തി. ദീർഘകാലയളവിൽ ഇത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

ഫിൽട്ടർ ചെയ്യാത്ത കാപ്പിയിൽ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കൾ, ഉദാഹരണത്തിന് കഫെസ്റ്റോൾ കഹ്വെവിയോൾ എന്നിവയാണ് കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് പിന്നിലെ പ്രധാന കാരണം. ഈ രാസവസ്തുക്കൾ കരളിൽ കൊളസ്ട്രോൾ ഉത്പാദനം വർദ്ധിപ്പിക്കുകയും ശരീരത്തിൽ നിന്ന് കൊളസ്ട്രോൾ നീക്കം ചെയ്യുന്നത് കുറയ്ക്കുകയും ചെയ്യും. മെഷീനിൽ ഉണ്ടാക്കുന്ന കാപ്പിയിൽ ഒരു ലിറ്ററിൽ 176 മില്ലിഗ്രാം കഫെസ്റ്റോൾ അടങ്ങിയിട്ടുണ്ടെന്ന് അവർ കണ്ടെത്തി, ഇത് പേപ്പർ ഫിൽട്ടർ ചെയ്ത കാപ്പിയിലെ 12 മില്ലിഗ്രാം/ലിറ്ററിനേക്കാൾ ഏകദേശം 15 മടങ്ങ് കൂടുതലാണ്. ഇതിനർത്ഥം, ദിവസവും മൂന്നോ അതിലധികമോ കപ്പ് കുടിക്കുന്ന ആളുകൾ അറിയാതെ തന്നെ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയാണ്.

കാപ്പി കുടി അത്രയ്ക്ക് മോശം ശീലമല്ലെന്നും, എന്നാൽ അത് എങ്ങനെ തയ്യാറാക്കുന്നു എന്നതിലാണ് കാര്യമെന്നും ഗവേഷകർ എടുത്തു പറയുന്നു. പേപ്പർ ഫിൽട്ടറുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഫിൽട്ടർ കാപ്പി താരതമ്യേന സുരക്ഷിതമാണ്. പേപ്പർ ഫിൽട്ടറുകൾ കാപ്പിയിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്ന രാസവസ്തുക്കളെ അരിച്ചെടുക്കാൻ സഹായിക്കും. അതുകൊണ്ട് തന്നെ, ഫിൽട്ടർ ചെയ്ത കാപ്പി കുടിക്കുന്നത് കൊളസ്ട്രോൾ കൂടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

More From Author

Leave a Reply

Your email address will not be published. Required fields are marked *