Home » Blog » kerala Max » സാമൂഹിക പ്രതിബദ്ധതയിൽ നന്മയുടെ വി-ഗാർഡ് സ്പർശം; 78,000-ത്തിലധികം ആളുകൾക്ക് തുണയായി 7.13 കോടി രൂപയുടെ പദ്ധതികൾ
IMG-20260603-WA0041

● കൊച്ചിയില്‍ സ്ത്രീകള്‍ക്കായി ‘ഇടം’ സൗജന്യ കൗണ്‍സിലിംഗ് സെന്റര്‍

● ‘സ്വസ്ഥ’ 1,000 സൗജന്യ ഡയാലിസിസ് സേവനങ്ങള്‍
● തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് ഹീമോഡയാലിസിസ് മെഷീന്‍
● 1,000ത്തിലധികം സ്ത്രീകള്‍ക്ക് സൗജന്യ സ്തനാര്‍ബുദ പരിശോധന
● ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനായി ‘സമാവേശ’ ആരോഗ്യ പദ്ധതി
● 120 സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനവും ഉപജീവന സഹായവുമായി ‘നാരിശക്തി’

കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 2025-26 സാമ്പത്തിക വര്‍ഷം 7.13 കോടി രൂപയുടെ സാമൂഹിക പ്രതിബദ്ധതാ (സിഎസ്ആര്‍) പദ്ധതികള്‍ നടപ്പാക്കി. രാജ്യത്തുടനീളം 56 പദ്ധതികളിലൂടെ കേരളമുള്‍പ്പെടെ പതിനൊന്ന് സംസ്ഥാനങ്ങളിലായി 78,000ത്തിലധികം ആളുകള്‍ പദ്ധതികളുടെ ഗുണഭോക്താക്കളായി. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, വനിതാ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം മേഖലകളിൽ ശ്രദ്ധയുന്നിയായരുന്നു വി-ഗാർഡിൻ്റെ സാമൂഹിക പ്രതിബദ്ധത പദ്ധതികൾ നടപ്പാക്കിയത്.

ജനങ്ങളുടെ യഥാര്‍ത്ഥ ആവശ്യങ്ങളും പ്രതീക്ഷകളും മനസ്സിലാക്കിയാണ് സിഎസ്ആര്‍ പദ്ധതികള്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെയും വി-ഗാര്‍ഡ് ഫൗണ്ടേഷന്റെയും ഡയറക്ടറായ ഡോ. റീന മിഥുന്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയില്‍ ദീര്‍ഘകാല സാമൂഹിക മാറ്റം സൃഷ്ടിക്കാനാണ് ശ്രമമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി കൊച്ചിയില്‍ ‘ഇടം’ എന്ന സൗജന്യ കൗണ്‍സിലിംഗ് സെന്റര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വൃക്കരോഗികള്‍ക്ക് 1,000 സൗജന്യ ഡയാലിസിസ് സേവനങ്ങള്‍ നല്‍കുന്ന ‘സ്വസ്ഥ’ പദ്ധതി, ‘കാന്‍സര്‍ ഷീല്‍ഡ്’ പദ്ധതിയിലൂടെ ആയിരത്തിലധികം സ്ത്രീകള്‍ക്ക് സൗജന്യ സ്തനാര്‍ബുദ പരിശോധന, ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനായി ‘സമവേശ’ പദ്ധതിയുടെ ഭാഗമായി ആരോഗ്യ ക്യാമ്പുകളും ബോധവല്‍ക്കരണ പരിപാടികളും, കൊച്ചി സിറ്റി പൊലീസിന്റെ ‘ഉദയം’ പദ്ധതിയുമായി ചേര്‍ന്ന് ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് ഹീമോഡയാലിസിസ് മെഷീന്‍ നല്‍കിയതിലൂടെ നിരവധി രോഗികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ചികിത്സ ലഭ്യമായി.

‘നാരി ശക്തി’ പദ്ധതിയിലൂടെ എറണാകുളം, ആലപ്പുഴ ജില്ലകളിലെ 120 സിംഗിള്‍ മദേഴ്‌സിനും വിധവകള്‍ക്കും തയ്യല്‍, ബ്യൂട്ടീഷ്യന്‍ പരിശീലനം, ബേക്കിംഗ് തുടങ്ങിയ മേഖലകളില്‍ തൊഴില്‍ പരിശീലനം നല്‍കി. സ്വയം തൊഴില്‍ ആരംഭിക്കാന്‍ ആവശ്യമായ ഉപകരണങ്ങളും ഇവര്‍ക്കു കൈമാറി.

വിദ്യാഭ്യാസരംഗത്ത് ആലപ്പുഴയിലെ രാഘവേന്ദ്ര വിദ്യാലയത്തിലെ 242 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ-പുസ്തക വിതരണം നടത്തി. ഏലൂരിലെ സേക്രഡ് ഹാര്‍ട്ട് ജീസസ് യു.പി സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളും നവീകരിച്ചു. കോഴിക്കോട് മത്സ്യത്തൊഴിലാളി സമൂഹത്തിലെ കുട്ടികള്‍ക്കായി ‘നെയ്ബര്‍ഹുഡ് ലേണിങ് ഹബ്’ സ്ഥാപിച്ച് പഠനസഹായവും ജീവിത നൈപുണ്യ പരിശീലനവും ഒരുക്കി.

എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിലെ 12 ആദിവാസി കുടുംബങ്ങളുടെ വീടുകള്‍ നവീകരിക്കുന്നതിനും കൊച്ചിയിലെ ഭിന്നശേഷിക്കാരായ താമസക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി അനാഥാലയത്തിന് 42 പ്രത്യേക കിടക്കകള്‍ നല്‍കുന്നതിനും ധനസഹായം നല്‍കി. കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് പഞ്ചായത്തില്‍ നടപ്പാക്കിയ നദീമുഖ പുനരുദ്ധാരണ പദ്ധതിയിലൂടെ പഞ്ചായത്തിലെ വെള്ളപൊക്കസാധ്യതകൾ ലഘൂകരിച്ചു.

വി സെര്‍വ് പദ്ധതിയിലൂടെ ജീവനക്കാരുടെ പങ്കാളിത്തത്തോടെ പാലിയേറ്റീവ് കെയര്‍ സേവനങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടലാണ് വി ഗാര്‍ഡ് നടത്തിയത്. രോഗികളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി പാലിയേറ്റീവ് കെയര്‍ വോളന്റിയറിംഗ് പ്രവര്‍ത്തനങ്ങളും, ഹരിതവത്കരണത്തിനായി വൃക്ഷതൈ നട്ടുപിടിപ്പിക്കല്‍ ക്യാംപെയ്നുകളും നടപ്പാക്കി.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, ഒഡിഷ, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഹരിയാന സംസ്ഥാനങ്ങളിലായി വിവിധ സാമൂഹിക വികസന പദ്ധതികളിലൂടെ കോര്‍പ്പറേറ്റ് മൂല്യങ്ങളെ ജനകീയ ഇടപെടലുകളാക്കി മാറ്റാനും ആയിരക്കണക്കിന് സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കാനും വി-ഗാര്‍ഡിന് സാധിച്ചു.