ചെന്നൈ: കാവേരി വിഷയവുമായി ബന്ധപ്പെട്ട് കര്‍ണാടക സന്ദര്‍ശിക്കാനുള്ള തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ തീരുമാനത്തിനെതിരെ പ്രതിഷേധം. വിജയ് തെറ്റായ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് മുൻമുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. നേരിട്ടുള്ള ചർച്ചകൾക്ക് പകരം നിയമപോരാട്ടമാണ് ഇതുവരെ തമിഴ്നാട് സ്വീകരിച്ചിരുന്ന നിലപാടെന്നും എം കെ സ്റ്റാലിൻ വ്യക്തമാക്കി.
സർവകക്ഷിയോഗം ചേരണമെന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രി തല കൂടിക്കാഴ്ച തമിഴ്നാടിന് തിരിച്ചടി ആകുമെന്ന് ഇപിഎസ് പറഞ്ഞു. ആഗസ്റ്റ് മൂന്നിനാണ് വിജയ്- ഡി.കെ.ചർച്ച തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാടിന് സുപ്രീം കോടതി ഉത്തരവിന് ആനുപാതികമായുള്ള വെള്ളം ഇപ്പോൾ വിട്ടുനൽകുന്നില്ല. ഇതിന് പുറമേ കാവേരി നദിക്ക് കുറുകെ അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കത്തിലാണ് തമിഴ്നാട്. ഈ പശ്ചാത്തലത്തിലാണ് കർണാടക മുഖ്യമന്ത്രിയ കാണാന്‍ വിജയ് താൽപര്യം അറിയിച്ചത്.
ഈ ദിവസങ്ങളിൽ കന്നട സംഘടനകളുടെ പ്രതിഷേധം മൂലം തമിഴ്നാട് ബസുകൾ ഹൊസൂരിലെത്തി സർവീസ് നിർത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഈ അവസ്ഥയിലാണ് തമിഴ്നാടിന്റെ പതിവ് രീതിയ്ക്ക് വിരുദ്ധമായാണ് വിജയ് യുടെ നീക്കം. മുൻപും കർണാടക ചർച്ചയ്ക്ക് തയ്യാറായെങ്കിലും വാക്കുകൾ പാലിക്കപ്പെട്ടിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് വിജയ് സന്ദർശനം എതിർക്കപ്പെടുന്നത്. ഏതെങ്കിലും തലത്തിൽ തിരിച്ചടിയുണ്ടായാൽ അത് വിജയ് യുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന നിരീക്ഷണം ടിവികെയിലുമുണ്ട്.
