കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കില്ല

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി. കടുവയെയും ആനയെയും അതീവ സംരക്ഷിത പട്ടികയിൽ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപുറമെ കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റണമെന്ന കേരളത്തിന്‍റെ ആവശ്യവും പരിഗണിക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. മനുഷ്യന് ഭീഷണിയായ മൃഗങ്ങളെ കൊല്ലാൻ വനം മേധാവിക്ക് അധികാരം ഉണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

കാട്ടുപന്നിയുടെ എണ്ണത്തിൽ അനിയന്ത്രിതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും, കർഷകരുടെ ജീവനോപാധിക്ക് പോലും തടസമാകും വിധം കാർഷിക വിളകളെ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം കത്തയച്ചിരുന്നു.

അതേസമയം വഴിക്കടവ് അപകടത്തിൽ കേരള സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. മനുഷ്യന്റെ ജീവൻ ഭീഷണിയാകുന്ന പന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതിയുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും വൻ വീഴ്‍ചയാണുണ്ടായതെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.

അക്രമകാരികളായ വന്യമൃങ്ങളെ കൊല്ലാൻ സംസ്ഥാന വനം മേധാവിക്ക് അധികാരമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കേരളം ഈ അവകാശം ഉപയോഗിച്ചിട്ടുണ്ട്. അനന്തു മാത്രമല്ല, സംസ്ഥാനത്ത് 2025 ൽ മാത്രം സമാനമായ നിലയിൽ മൂന്ന് പേർ മരിച്ചു. കേരള സർക്കാരിന്റെ അനാസ്ഥയാണ് അപകട മരണത്തിനു കാരണമെന്നും അദ്ദേഹം വിമർശിച്ചു. മനുഷ്യ ജീവന് അപകടകാരിയായ പന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതി നൽകിയെങ്കിലും സംസ്ഥാന സർക്കാർ നടപടി എടുക്കാൻ തയ്യാറായിരുന്നില്ല എന്നാണ് കേന്ദ്രമന്ത്രിയുടെ വിമർശനം. ഫെൻസിംഗിന് കേന്ദ്രം നേരത്തെ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയതാണ്. 240V പവർ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.

വഴിക്കടവിൽ വിദ്യാർത്ഥിയുടെ മരണത്തിന് ഇടയാക്കിയത് ഫെൻസിങിനായി സ്ഥാപിച്ച വൈദ്യുത വേലിയല്ല. കാട്ടുപന്നികളെ കെണിവച്ച് പിടിച്ച് ഇറച്ചിയാക്കി വിൽക്കുന്നതിനായി കെഎസ്‌ഇബി ലൈനിലേക്ക് വടികെട്ടി കൊളുത്തിയ ഇരുമ്പ് കമ്പിയിൽ നിന്നാണ് മരിച്ച അനന്തു അടക്കമുള്ളവർക്ക് ഷോക്കേറ്റത്. ഈ സംഭവത്തിൽ വഴിക്കടവ് പഞ്ചായത്തിനെതിരെ വീഴ്ച ആരോപിച്ച് സിപിഎം പ്രവർത്തകർ സമരം ചെയ്യുകയാണ്.

സമീപത്തെ തോട്ടിൽ മീൻപിടിക്കാൻ പോയപ്പോഴായിരുന്നു അനന്തുവിനും മറ്റ് രണ്ട് വിദ്യാർത്ഥികൾക്കും ശനിയാഴ്ച ഷോക്കേറ്റത്. കെഎസ്ഇബി വൈദ്യുതി ലൈനിൽ നിന്ന് നേരിട്ട് കണക്ഷൻ കൊടുത്തിരുന്ന അനധികൃത ഫെൻസിംഗിൽ നിന്നാണ് വിദ്യാർത്ഥിക്ക് ഷോക്കേറ്റതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ അനന്തു എന്ന വിദ്യാർത്ഥി മരിക്കുകയും ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മറ്റ് രണ്ടുപേരുടെ ആരോ​ഗ്യനില തൃപ്തികരമാണ്.

ഫെൻസിങിന് കറണ്ട് എടുക്കാൻ വേണ്ടി സ്ഥാപിച്ച കമ്പിയിൽ നിന്നാണ് അനന്ദുവിന് ഷോക്കേറ്റതെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവർക്ക് അപകടം ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ടുള്ള പ്രവർത്തിയെന്നും എഫ്ഐആർ പറയുന്നു. അനന്തു അപകടത്തിൽപ്പെട്ടത് കാൽ വൈദ്യുതി കമ്പിയിൽ കാൽ തട്ടിയതോടെയെന്നാണ് എഫ്ഐആറിലുള്ളത്. ഭാരതീയ ന്യായസംഹിത 105 വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അനന്തുവിന്റെ ബന്ധു സുരേഷിന്റെ പരാതിയിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അനന്തുവിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ സുരേഷിനും ഷോക്കേറ്റിരുന്നു. മരിച്ച അനന്തുവിന്റെ അച്ഛന്റെ ജ്യേഷ്ഠൻ്റെ മകനാണ് സുരേഷ്.

സംഭവത്തിൽ മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനേഷ് അറസ്റ്റിലായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്നും പ്രതി സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മനഃപൂർവമല്ലാത്ത നരഹത്യകുറ്റമാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ രണ്ട് പേരെയാണ് കസ്റ്റഡിയിലെടുതിരിക്കുന്നത്. വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് കെണിയൊരുക്കിയിരുന്നത്. പ്രതികളായ ഇരുവരും സ്ഥിരം കുറ്റവാളികളാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *