sabha
കേരള നിയമസഭയില്‍ പതിവായി നടന്നുപോകുന്ന കാര്യമുണ്ട്. വേണ്ടാത്തതിനും വേണ്ടുന്നതിനും ഭരണപക്ഷവും പ്രതിപക്ഷവും പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കും. ആര് മോദിയെ വിമര്‍ശിച്ചാലും സഭയില്‍ എതിര്‍ശബ്ദം മുഴങ്ങാറില്ല. ഇക്കുറിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന് നടത്തിയത് ഇതേ രീതിയിലുള്ള വിമര്‍ശനം തന്നെയാണ്. ‘ഇന്ത്യ റഷ്യയിൽനിന്നും വെനസ്വേലയിൽനിന്നും കുറഞ്ഞ വിലക്ക് എണ്ണ വാങ്ങിയിരുന്നു. അമേരിക്കയ്ക്കും ട്രംപിനും ഇഷ്ടമല്ല. അതിനാല്‍ അത് നിർത്തിവെച്ചു. റഷ്യയിലെ എണ്ണക്ക്40 ശതമാനം ഡിസ്കൗണ്ട് ഉണ്ടായിരുന്നു. യുഎസ് താത്പര്യത്തിന് വേണ്ടി ട്രംപ് കൽപിച്ചപ്പോൾ എൻഡിഎ സർക്കാർ കീഴടങ്ങി’ എന്നാണ് പിണറായി പറഞ്ഞത്. അടിയന്തര പ്രമേയത്തിനിടയിലായിരുന്നു പിണറായി വിമര്‍ശനം. ഇപ്പോള്‍ സഭയില്‍ പക്ഷെ മൂന്നു ബിജെപി അംഗങ്ങളുണ്ട്. രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും ഗോപകുമാറും. ഇടതുപക്ഷം വോക്കൌട്ടു നടത്തുന്നതിനിടെ ബിജെപി കക്ഷി നേതാവായ ഗോപകുമാര്‍ സംസാരിക്കാന്‍ എഴുന്നേറ്റു. അടിയന്തര പ്രമേയ നോട്ടീസില്‍ ഒപ്പിട്ടിട്ടില്ലാത്തതിനാല്‍ ബിജെപിക്ക് സംസാരിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയായിരുന്നു പിണറായിയുടെ നീക്കം. എന്നാല്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഈ നീക്കം വെട്ടി. ഗോപകുമാറിനെ സംസാരിക്കാന്‍ അനുവദിച്ചു. ഇതോടെ കീഴ്വഴക്കം തെറ്റിച്ചു എന്ന് പറഞ്ഞു പിണറായി വിജയന് അടക്കമുള്ളവര്‍ രംഗത്തുവന്നു. എന്നാല്‍ പുതിയ അംഗമല്ലേ, ഉദാരമനോഭാവം വേണമെന്ന് പറഞ്ഞു തിരുവഞ്ചൂര്‍ അനുമതി നല്കി. മോദി ആർക്ക് മുന്നിലും തല കുനിക്കില്ല. പിണറായി വിജയന് ഇഡിയെ പേടിയാണ്. ‘ഇഡിയെ പേടിക്കുന്ന പ്രതിപക്ഷ നേതാവിനെ പോലെയല്ല മോദി. ട്രംപല്ല ലോകത്തിലെ ഏത് നേതാവിന്റെ മുന്നിലും ഭാരതത്തിന്റെ നിലപാട് പറയാൻ കരുത്തുള്ള പ്രധാനമന്ത്രിയാണ് മോദി’. ഇതോടെ പ്രതിപക്ഷം ബഹളംവെച്ചു. സ്പീക്കറുടെ ഉദാരമനസ്കതയാണ് ഇവിടെ പ്രകടമായത്, എന്നാല്‍ സഭയുടെ ചട്ടങ്ങളിൽനിന്നുള്ള വ്യതിയാനമാണിത്. പിണറായി പറഞ്ഞു. ബിജെപി എംഎൽഎ ആദ്യമായി സഭയിൽ വന്ന് പ്രസംഗിക്കുകയാണ്. ഇതിനിടയിൽ ഇടപെടൽ നടത്തി നിർത്തിവെപ്പിക്കാൻ തന്റെ പാരമ്പര്യം അനുവദിച്ചില്ലെന്നും സ്പീക്കർ വിശദീകരിച്ചു. ഇതോടെ പ്രശ്നം താത്കാലികമായി കെട്ടടങ്ങി. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി ഗോപകുമാറിന്റെ ഇടപെടല്‍. ബിജെപി വിമര്‍ശനം വന്നാല്‍, മോദി വിമര്‍ശനം വന്നാല്‍ സഭയില്‍ പറയാന്‍ ആളുണ്ട്. സഭയിലെ ബിജെപീ സമീപനം വ്യക്തമാക്കുന്നത് കൂടിയായിരുന്നു ഗോപകുമാറിന്റെ സമീപനം.
