ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ലെന്ന നിലപാടിൽ ഉറച്ച് ഗവർണർ

തിരുവനന്തപുരം: പരിസ്ഥിതി ദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്ഭവനിൽ സംഘടിപ്പിച്ച പരിപാടി വിവാദമായതോടെ വേറിട്ട പ്രതിഷേധത്തിനൊരുങ്ങി സിപിഐ. കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ലെന്ന പ്രഖ്യാപിച്ച ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്ന് സിപി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. ഗവർണ്ണർക്കെതിരെ നാളെ ദേശീയ പതാകയേന്തി എല്ലാ ബ്രാഞ്ചുകളിലും സിപിഐ വൃക്ഷത്തൈകൾ നട്ടു പ്രതിഷേധിക്കാനാണ് തീരുമാനം. ഗവർണ്ണർക്കെതിരെ ഇടത് നേതാക്കൾ വിമർശനം തുടരുമ്പോൾ മുഖ്യമന്ത്രി മൗനത്തിലാണ്. സർക്കാർ അനാവശ്യവിവാദമുണ്ടാക്കിയെന്നാണ് രാജ്ഭവൻ നിലപാട്.

രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിൽ വിവാദം മുറുകുകയാണ്. സിപിഐ എംപി സന്തോഷ് കുമാറാണ് ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നൽകിയത്. ഭാരതമാതാവിന്‍റെ പ്രതീകം ദേശീയപതാകയാണെന്ന് പ്രഖ്യാപിച്ച് ബ്രാഞ്ചുകളിൽ നാളെ വൃക്ഷത്തൈ നടാനാണ് സിപിഐ ആഹ്വാനം.

മന്ത്രിമാരും ഇടത് നേതാക്കളും ഗവർണ്ണറെ വിമർശിക്കുമ്പോഴും മുഖ്യമന്ത്രി വിവാദത്തിൽ മൗനം തുടരുകയാണ്. രാജ്ഭവനിൽ ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തിയെ രാജ്ഭവനിൽ പ്രസംഗിക്കാൻ ക്ഷണിച്ചതിൽ വൈകി വിമർശിച്ച മുഖ്യമന്ത്രി ഗവർണ്ണറെ രേഖാമൂലം എതിർപ്പ് അറിയിച്ചിരുന്നില്ല.

മുഖ്യമന്ത്രിക്ക് ഗവർണ്ണറോട് മൃദുസമീപനമാണെന്നാണ് പ്രതിപക്ഷ ആരോപണം. ഭാരതാംബ വിവാദത്തിൽ ഗവർണ്ണറെ മുഖ്യമന്ത്രി എതിർപ്പ് അറിയിക്കണമെന്നാണ് ആവശ്യം. എന്നാൽ, സർക്കാർ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നാണ് രാജ്ഭവന്‍റെ അഭിപ്രായം. ചിത്രം മാറ്റില്ലെന്ന് ഉറച്ച നിലപാടെടുക്കുന്ന ഗവർണ്ണർക്ക് സർക്കാർ സമീപനത്തിൽ അതൃപ്തിയുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *