രാജ്യത്തെ ജനസംഖ്യാ, ജാതി സെൻസസ് കണക്കെടുപ്പ് 2027ൽ

ന്യൂഡൽഹി: കോവിഡ് മൂലം മുടങ്ങിയ ജനസംഖ്യാക്കണക്കെടുപ്പും (സെൻസസ്) രാജ്യത്തു 93 വർഷത്തിനുശേഷം പ്രഖ്യാപിച്ച ജാതി സെൻസസും 2027 അടിസ്ഥാന വർഷമാക്കി നടത്തുമെന്നു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഇത് പൂർത്തിയാകാൻ 3 വർഷമെങ്കിലും എടുക്കുമെന്നാണ് സൂചന. ഫലത്തിൽ, 2026നുശേഷം നടത്തേണ്ട മണ്ഡല പുനർനിർണയവും വൈകും. രണ്ടു ഘട്ടമായാണു കണക്കെടുപ്പു നടത്തുക. വിശദാംശങ്ങളുമായി ഈ മാസം 16നു വിജ്ഞാപനമിറക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് സെൻസസ് നടത്തുക. ആദ്യഘട്ടം മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളായ ജമ്മുകശ്മിർ, ലഡാക്ക്, ഹിമാചൽപ്രദേശ്. ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 2026 ഒക്ടോബർ ഒന്നിന് ആരംഭിക്കും. രണ്ടാംഘട്ടം ബാക്കിയുള്ള സംസ്ഥാനങ്ങളിൽ 2027 മാർച്ച് ഒന്നിന് ആരംഭിക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 16ന് പുറപ്പെടുവിക്കും. ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ജാതി സെൻസസുമുണ്ടാകും.

സെൻസസിനായി തയാറാക്കുന്ന ചോദ്യാവലിയിൽ ജാതി, ഉപജാതി എന്നിവയെക്കുറിച്ചുള്ളവ ചോദ്യങ്ങൾ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്. 15 വർഷത്തിനു ശേഷമാണ് രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പു നടത്തുന്നത്. 2011ലാണ് അവസാനമായി സെൻസസ് നടന്നത്. രണ്ടു ഘട്ടങ്ങളിലായായിരുന്നു അന്ന് സെൻസസ്. ജാതി സെൻസസ് അവസാനമായി നടന്നത് ബ്രിട്ടിഷ് കാലത്ത് 1931ലാണ്. 2011ൽ മൻമോഹൻ സിങ് സർക്കാറിന്റെ കാലത്ത് സോഷ്യോ ഇക്കണോമിക് ആൻഡ് കാസ്റ്റ് സെൻസസ് എന്ന പേരിൽ ജാതി സെൻസസ് നടത്തിയെങ്കിലും കണക്കിലെ കൃത്യതയിൽ സംശയമുള്ളതിനാൽ റിപ്പോർട്ട് പുറത്തുവിട്ടില്ല. 1948 ലെ ജനസംഖ്യാ കണക്കെടുപ്പ് നിയമത്തിലെയും 1990ലെ ജനസംഖ്യാ കണക്കെടുപ്പ് ചട്ടങ്ങളിലേയും വ്യവസ്ഥകൾ പ്രകാരമാണ് ഇന്ത്യയിലെ സെൻസസ് നടത്തുന്നത്.

സാധാരണയായി രാജ്യത്ത് ഓരോ പത്തു വർഷത്തിലുമാണ് സെൻസസ് നടത്താറുള്ളത്. കൊവിഡ് വ്യാപനം കാരണം 2021 ലെ സെൻസസ് മാറ്റിവയ്ക്കുകയായിരുന്നു. 2021 ൽ നടത്താനിരിക്കുന്ന സെൻസസിന്റെ ആദ്യ ഘട്ടത്തിനായുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായിരുന്നു. 2020 ഏപ്രിൽ 1 മുതൽ ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഫീൽഡ് വർക്ക് ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണ്, ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെ മുന്നിൽകണ്ട് സെൻസസിനൊപ്പം രാജ്യത്ത് ജാതി സെൻസസ് കൂടി നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *