45 വര്‍ഷം പഴക്കമുള്ള ബീഫ് സൂപ്പിന് ലോകമെമ്പാടും ആരാധകർ, രുചിക്ക് പിന്നിലെ കാരണമിതാണ്

പഴകിയ ഭക്ഷണം എന്ന് കേൾക്കുമ്പോഴേ നമ്മളുടെ മുഖം മാറും. ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിക്കുന്നത് ഇപ്പോൾ നിത്യ സംഭവമായ കാലമാണ്. പ്രത്യേകിച്ച് പഴകിയ നോൺ വെജ് ഭക്ഷണങ്ങൾ പല രോഗങ്ങളും മനുഷ്യരിൽ ഉണ്ടാക്കും. എന്നാൽ, ഇവിടെ ഒരു നാട്ടിൽ 45 വർഷത്തിലേറെ പഴക്കമുള്ള ആഹാരം കഴിക്കുന്നവരുണ്ട്. കേൾക്കുമ്പോൾ വിശ്വസിക്കാൻ ഏറെ പ്രയാസമാണ്. എന്നാൽ സംഗതി സത്യമാണ്. 45 വർഷത്തിലേറെ പഴക്കമുള്ള ഒരു സൂപ്പ് ആരെങ്കിലും കഴിക്കാൻ തയാറാകുമോ? ഈ സൂപ്പ് കഴിക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ പറന്നെത്തുന്നു. മാത്രമല്ല, ഇത് വിളമ്പുന്ന കട ഏഷ്യയിലെ മികച്ച ഭക്ഷണശാലകളിൽ ഇടം നേടുകയും ചെയ്തു! ബാങ്കോക്കിലെ തിരക്കേറിയ എക്കമായി പ്രദേശത്താണ് വാട്ടാന പാനിച്ച് എന്ന നൂഡിൽ സൂപ്പ് കട.

ഇവിടെ അരനൂറ്റാണ്ടിലേറെയായി ഒരേയൊരു പാത്രത്തിൽ ബീഫ് സൂപ്പ് തിളച്ചു കൊണ്ടിരിക്കുകയാണ്. ഏകദേശം 5 അടി വ്യാസവും 2 1/2 അടി ആഴവുമുള്ള ഈ കൂറ്റൻ പാത്രം നിറയെ എപ്പോഴും തിളച്ചുമറിയുന്ന സൂപ്പുണ്ടാകും. രാത്രിയാകുമ്പോൾ, ഈ പാത്രത്തിലെ സൂപ്പ് ഒരു പ്രത്യേക പാത്രത്തിലേക്ക് മാറ്റും. അതിനുശേഷം പാത്രം വൃത്തിയാക്കി എടുക്കും. പിറ്റേ ദിവസം പുതിയ സൂപ്പ് ഉണ്ടാക്കുമ്പോൾ, തലേദിവസം മാറ്റി വെച്ച സൂപ്പാണ് അടിസ്ഥാനമായി ഉപയോഗിക്കുന്നത്. ഇങ്ങനെ അരനൂറ്റാണ്ടായി മുടങ്ങാതെ തുടരുന്നതുകൊണ്ട്, ഈ സൂപ്പിന്റെ ഓരോ തുള്ളിക്കും അത്രയും വർഷത്തെ പഴക്കമുണ്ട്. മാത്രമല്ല, ആ പഴക്കം കൂടിക്കൊണ്ടിരിക്കുകയുമാണ്! ഈ റെക്കോർഡ് പഴക്കമാണ് വാട്ടാന പാനിച്ച് സൂപ്പിനെ ലോക പ്രശസ്തമാക്കുന്നത്.

തിരക്കേറിയ ഒരു തെരുവിനരികിൽ, നടപ്പാതയോട് ചേർന്നാണ് ഈ രണ്ടുനില കട. മൂന്നാം തലമുറയിലെ നട്ടപോങ് കാവീന്താവോങ് ആണ് ഇപ്പോൾ ഈ കട നോക്കി നടത്തുന്നത്. നട്ടപോങ്ങിന്‍റെ മുത്തച്ഛൻ, 60 വർഷങ്ങൾക്ക് മുൻപ് ചാവോ ഫ്രായ നദിക്കരയിലെ ആദ്യത്തെ കടയിൽ സൂപ്പ് ഉണ്ടാക്കാൻ തുടങ്ങിയത് മുതലാണ് ഈ കുടുംബത്തിന്റെ സൂപ്പ് പാരമ്പര്യം ആരംഭിക്കുന്നത്. നട്ടപോങ്ങിന്‍റെ അച്ഛനും അമ്മയും ഇപ്പോഴും കടയിൽ സജീവമായി ജോലി ചെയ്യുന്നുണ്ട്. ചുമ്മാതെ നടക്കില്ല ഇതുണ്ടാക്കാൻ. നല്ല ചെലവ് വരുന്ന പാചകം തന്നെയാണ് ഇവരുടേത്. സൂപ്പ് ഉണ്ടാക്കാൻ ദിവസവും ഏകദേശം 150 പൗണ്ട് (ഏകദേശം 68 കിലോഗ്രാം) ബീഫ് അവർ ഉപയോഗിക്കുന്നു. ഏകദേശം പന്ത്രണ്ടോളം ചൈനീസ് ഔഷധങ്ങൾ, വെളുത്തുള്ളി, കറുവപ്പട്ട, കുരുമുളക്, മല്ലിയിലയുടെ വേര് എന്നിവയെല്ലാം ചേർത്താണ് ഇത് പാചകം ചെയ്യുന്നത്.

വലിയ ബീഫ് കഷണങ്ങൾ ഏകദേശം ഏഴ് മണിക്കൂറോളം പാത്രത്തിലിട്ട് വേവിക്കും. ഇങ്ങനെ ചെയ്യുമ്പോൾ എല്ലാ രുചികളും ബീഫിലേക്ക് നന്നായി ചേരും. മൂന്ന് മണിക്കൂറിനു ശേഷം ബീഫ് കഷണങ്ങൾ പുറത്തെടുത്ത് ചെറുതാക്കി മുറിച്ച്, വീണ്ടും നാല് മണിക്കൂർ കൂടി സൂപ്പിൽ വേവിക്കും. മണിക്കൂറുകളോളം തിളച്ചുമറിയുന്ന ഈ പ്രക്രിയയാണ് സ്റ്റ്യൂവിന് ഈ അതുല്യമായ രുചി നൽകുന്നത്. നട്ടപോങ്ങോ അല്ലെങ്കിൽ കുടുംബത്തിലെ മറ്റാരെങ്കിലുമോ ഈ സൂപ്പ് നിരന്തരമായി ഇളക്കിക്കൊണ്ടിരിക്കും. ഓരോ ചേരുവയും എത്ര അളവിൽ ചേർക്കണം എന്നതിന് അവർക്ക് കൃത്യമായ ഒരു പാചകക്കുറിപ്പില്ല. സൂപ്പ് ഉണ്ടാക്കുന്നയാൾ എപ്പോഴും രുചി നോക്കി എന്താണ് ചേർക്കേണ്ടതെന്ന് മനസ്സിലാക്കണം. ഇത് വെറും പാചകമല്ല, വർഷങ്ങളുടെ അനുഭവത്തിലൂടെ മാത്രം ലഭിക്കുന്ന ഒരുതരം അവബോധമാണ്.

ഒരു ചെറിയ കടയാണെങ്കിലും, വാട്ടാന പാനിച്ച് ഇന്ന് ലോകപ്രശസ്തമാണ്. മിഷേലിൻ ഗൈഡ് അംഗീകാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ, ഏഷ്യയിലെ മികച്ച ഭക്ഷണ ശാലകൾക്ക് നൽകുന്ന എസൻസ് ഓഫ് ഏഷ്യ പുരസ്കാരവും നേടി. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഈ കടയിൽ നിന്ന് തിരിയാൻ സ്ഥലമില്ല. ഈ സൂപ്പ് കഴിക്കാൻ ദൂരെ രാജ്യങ്ങളിൽ നിന്നുവരെ ആളുകൾ വന്നു ക്യൂ നിൽക്കുകയാണ്. ആവശ്യമുള്ള ആളുകള്‍ക്ക് ഭക്ഷണം ഓർഡർ ചെയ്ത് കൊണ്ടുപോകാനും ഇപ്പോൾസൗകര്യമൊരുക്കിയിട്ടുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *