ന്യൂഡൽഹി: കോക്രോച്ച് പാർട്ടിയുടെ എക്സ് അക്കൗണ്ട് വിലക്കിയ നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിനും എക്സിനുമാണ് നോട്ടീസ്. എന്നാൽ അക്കൗണ്ട് ഉടൻ പുനഃസ്ഥാപിച്ച് ഉത്തരവിടാൻ ഡൽഹി ഹൈക്കോടതി തയാറായില്ല. തനിക്ക് വധഭീഷണിയുണ്ടെന്നും അഭിജിത് ദീപ്കെ കോടതിയെ അറിയിച്ചു.
സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചില ഉള്ളടക്കങ്ങൾ ‘അല്പം അരോചകമാണ്’ എന്ന് കോടതി കണ്ടെത്തി. അക്കൗണ്ട് പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ സര്‍ക്കാരിനും എക്സ് പ്ലാറ്റ്ഫോമിനും പറയാനുള്ളത് കേട്ടതിനുശേഷം മാത്രമേ ഏതൊരു ഉത്തരവിലും തീരുമാനമെടുക്കൂ എന്നും കോടതി പറഞ്ഞു. ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് സർക്കാരിന്റെ വാദങ്ങൾ കേൾക്കുമെന്ന് ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിന്റെ അഭിഭാഷകന് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്. അഭിജീത് ദിപ്കെയെ പ്രതിനിധീകരിച്ച് അഭിഭാഷകൻ അഖിൽ സിബൽ ഹാജരായി.
സോഷ്യൽമീഡിയയിൽ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സിജെപിയുടെ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള എക്സ് അക്കൗണ്ടാണ് കേന്ദ്രം ഇടപെട്ട് പൂട്ടിച്ചത്. ഇതിനെ തുടര്‍ന്ന് തുടങ്ങിയ ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പുതിയ അക്കൗണ്ടിൽ ഫോളോവേഴ്സിന്റെ എണ്ണം ലക്ഷം കവിഞ്ഞു. ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിക്കെട്ടാൻ ചിലര്‍ ശ്രമം നടത്തിയെന്നും മൂന്നു തവണ അക്കൗണ്ട് പൂട്ടിക്കാനുള്ള ശ്രമം നടന്നുവെന്നും സിജെപി ചൂണ്ടിക്കാട്ടിയിരുന്നു.
ബിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയായിരുന്നു സിജെപിയുടെ അക്കൗണ്ട്. ഇതിന് പിന്നാലെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്തു. 21 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പട്ടത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യാദവ് പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് സിജെപി.
കഴിഞ്ഞയാഴ്ച കോടതി നടപടിക്കിടെയാണ് യുവാക്കളെ ചീഫ് ജസ്റ്റിസ് പാറ്റകളോട് (കോക്രോച്ച്) ഉപമിച്ചത്. ‘യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. ഇവര്‍ ‘കോക്രോച്ചു’കളും ‘പരാന്നഭോജികളു’മാണ്’ എന്നായിരുന്നു പരാമര്‍ശം.
