Home » Blog » kerala Max » ‘എന്നെ ജിഹാദിയെന്ന് വിളിച്ചു, ഒറ്റപ്പെടുത്തി’; ‘അമ്മ’യിലെ രാജിക്ക് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാക്കി അൻസിബ
ansiba

താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര പ്രശ്നങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് നടി അൻസിബ ഹസൻ രാജിവെച്ചതോടെയാണ് വീണ്ടും പുറംലോകമറിയുന്നത്. ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് അൻസിബ രംഗത്തെത്തിയത്. തന്നെ ‘ജിഹാദി’ എന്ന് വിളിച്ചുവെന്നും നടന്മാരുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ചുവെന്നും അൻസിബ വെളിപ്പെടുത്തി. സംഘടനയുടെ പരിപാടിക്കായി വെണ്ണല ക്ഷേത്രം 70 ലക്ഷം രൂപ സ്പോൺസർ ചെയ്തതിനെയും, മതസംഘടനകൾ സ്പോൺസർഷിപ്പ് നൽകുന്നതിനെ താൻ എതിർത്തതുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് അൻസിബ പറയുന്നു. നടി ലക്ഷ്മിപ്രിയക്കെതിരെയും അൻസിബ പരാതി ഉന്നയിച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ നിർമ്മാതാവ് ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. സഹപ്രവർത്തകയായ ഒരു നടി ആക്രമിക്കപ്പെട്ടപ്പോൾ അവൾക്കൊപ്പമല്ലാതെ വേട്ടക്കാർക്കൊപ്പം നിന്നവർക്ക് കാലം കരുതിവെച്ച കാവ്യനീതിയാണ് ഇപ്പോൾ അമ്മയിൽ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അന്ന് ആ നടിയുടെ കണ്ണുനീർ കണ്ടില്ലെന്ന് നടിച്ചവരാണ് ഇവരിൽ പലരുമെന്നും, അവളൊഴുക്കിയ കണ്ണുനീരിന് കണക്ക് പറയാതെ ആർക്കും കടന്നുപോകാൻ കഴിയില്ലെന്നും അഷ്‌റഫ് ഓർമ്മിപ്പിച്ചു.

സംഘടനയിലെ പ്രശ്നങ്ങൾ ജാതിയുടെയും മതത്തിന്റെയും തലത്തിലേക്ക് മാറിയെന്നാണ് ആലപ്പി അഷ്‌റഫിന്റെ പക്ഷം. അൻസിബയോടുള്ള വിരോധത്തിന് കാരണം അവളുടെ വ്യക്തിപരമായ പോരായ്മകളല്ല, മറിച്ച് അവൾ ജനിച്ച ജാതിയാണെന്ന് അദ്ദേഹം തുറന്നടിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് അൻസിബയുടെ പേര് സ്ഥാനാർത്ഥി ലിസ്റ്റിൽ കണ്ടപ്പോൾ, എല്ലാവരും ബഹുമാനിക്കുന്ന ഒരു പ്രമുഖ നടൻ അങ്ങേയറ്റം അശ്ലീലകരമായ പരാമർശം നടത്തിയെന്ന് അഷ്‌റഫ് വെളിപ്പെടുത്തി. അന്ന് തുടങ്ങിയ ജാതിവിവേചനം പിന്നീട് ജിഹാദി, തീവ്രവാദി എന്നീ ആക്ഷേപങ്ങളിലേക്ക് വളരുകയായിരുന്നു.

കഴിഞ്ഞ ഭരണകാലങ്ങളിൽ ഇല്ലാത്തവിധം തീവ്രമത നിലപാടുകളുള്ള ചില സ്ത്രീകൾ ഇപ്പോൾ ഭരണതലത്തിലുണ്ടെന്നും അവർ ഇത്തരം വിവേചനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നീന കുറുപ്പിന്റെ പരാതിയിൽ ടിനി ടോം ചെയ്ത കാര്യങ്ങൾ വ്യക്തമാണെന്നും, അസഭ്യം പറഞ്ഞയാളെ ന്യായീകരിക്കാൻ ചില സ്ത്രീകളെത്തുന്നത് നാണക്കേടാണെന്നും അഷ്‌റഫ് പറഞ്ഞു. കുറ്റാരോപിതരായ പുരുഷന്മാരെ സംരക്ഷിക്കുകയും പരാതിക്കാരികളെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത സംഘടനയിൽ കാലങ്ങളായി തുടരുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

പണം തട്ടിപ്പ്, കുടുംബകലഹം, തെറിവിളി, തൊഴിൽ പീഡനം തുടങ്ങി നിരവധി വിവാദങ്ങളാൽ സംഘടനയുടെ ആഭ്യന്തര കലഹം അതിരുവിട്ടിരിക്കുകയാണ്. ചീഞ്ഞ നാറുന്ന ബോംബുകൾ പോലെ ഒന്നിനുപിറകെ ഒന്നായി വിവാദങ്ങൾ പുറത്തുവരുമ്പോൾ, സംഘടനയിലെ ഇത്തരത്തിലുള്ള പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്തതും ധീരവുമായ നടപടികൾ ആവശ്യമാണെന്ന് ആലപ്പി അഷ്‌റഫ് തന്റെ വാക്കുകളിലൂടെ അടിവരയിടുന്നു.