പിണറായി വിജയന് രാഷ്ട്രീയ പ്രതിസന്ധിയില്‍ അകപ്പെടുമ്പോഴൊക്കെ ഇഡി അന്വേഷണവും റെയ്ഡും തുണയാകാറുണ്ട്. ഇക്കുറിയും ഇഡി എത്തുമ്പോള്‍ പിണറായി രാഷ്ട്രീയ പ്രതിസന്ധിയില്‍ അങ്ങേയറ്റത്തെ അവസ്ഥയിലായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പാപഭാരം മുഴുവന്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും ചുമലിലാണ്. പിണറായി വിജയന് നിയമസഭാ അംഗത്വവും പ്രതിപക്ഷ നേതൃസ്ഥാനവും ഒഴിയണമെന്നാണ് സിപിഎം നേതൃയോഗങ്ങളില്‍ ഉയര്‍ന്ന ആവശ്യം. വിമര്‍ശനങ്ങളില്‍ പൊറുതിമുട്ടി ദേഹമെങ്ങും ഏല്ക്കുന്ന ശരങ്ങളാല്‍ വീര്‍പ്പുമുട്ടി നില്‍ക്കുമ്പോഴാണ് സിഎംആര്‍എല്‍ മാസപ്പടിക്കേസില്‍ റെയ്ഡുമായി ഇഡി എത്തുന്നത്.
പിണറായിയുടെ വീട്ടിലല്ല തിരുവനന്തപുരം ബേക്കറിജംഗഷനിലുള്ള മകള്‍ വീണ താമസിക്കുന്ന വീട്ടിലാണ് ഇന്നലെ അതിരാവിലെ ഇഡി സംഘം റെയ്ഡിന് എത്തിയത്. മകള്‍ വാടകയ്ക്ക് എടുത്ത വീട്ടിലാണ് പിണറായി താമസിക്കുന്നത് എന്നതിനാല്‍ റെയ്ഡ് പിണറായിയുടെ വീട്ടില്‍ എന്ന് വ്യാഖ്യാനിക്കപ്പെട്ടു. പിണറായിയുടെ കണ്ണൂരെ വീട്ടിലും സിഎംആര്‍എല്ലിന്റെ ഓഫീസുകളിലുമൊക്കെ ഒരേസമയം പരക്കെ റെയ്ഡ് നടക്കുക തന്നെ ചെയ്തു. ഇതോടെ ഇഡിക്ക് എതിരേ പാര്‍ട്ടിയില്‍ വികാരം പതഞ്ഞു. പിണറായിയെയും കുടുംബത്തെയും കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നു എന്ന ആരോപണം പാര്‍ട്ടിയില്‍ വീണ്ടും ശക്തമായി. പിണറായി വിരുദ്ധത മറന്ന് സഖാക്കള്‍ പിണറായിക്ക് പിന്നില്‍ ഒറ്റക്കെട്ടായി. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി താത്ക്കാലത്തെക്കെങ്കിലും വിസ്മരിക്കപ്പെട്ടു.
അതിരുകടന്നുള്ള പ്രതിഷേധത്തില്‍ ഇഡി സംഘം സഞ്ചരിച്ച കാറുകള്‍ തകര്‍പ്പെടുകയും ചെയ്തു. പിണറായിയുടെ വീട്ടിലെ റെയ്ഡിനു എതിരേ സംസ്ഥാന വ്യാപകമായല്ല, ഡല്‍ഹിയില്‍ വരെ സിപിഎം പ്രതിഷേധം സംഘടിപ്പിക്കുകയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ.ബേബി അടക്കമുള്ളവര്‍ അറസ്റ്റിലാവുകയും ചെയ്തു. റെയ്ഡിന് എതിരേ സംസ്ഥാന വ്യാപകമായി സിപിഎം വികാരം ജ്വലിച്ചുയര്‍ന്നപ്പോള്‍ രക്ഷയായത് പിണറായി വിജയന് തന്നെയാണ്. അണികളുടെ പിന്തുണയില്‍ ആഹ്ളാദിച്ചാണ് എന്നാല്‍ ഒരുമിച്ച് ഇറങ്ങിക്കളയാം എന്ന കോവിഡ് കാലത്തെ ഡയലോഗ് പിണറായി ഒന്നുകൂടി പുറത്തെടുക്കുകയും ചെയ്തത്. എന്തായാലും ഇഡി കാറുകള്‍ തകര്‍ത്തതില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കുറച്ച് സഖാക്കള്‍ അകത്തായി എന്നത് വേറെ കാര്യം.
ഇഡി റെയ്ഡിഡിനു എതിരേയുള്ള പ്രതിഷേധത്തില്‍ പാര്‍ട്ടിയിലും രണ്ടഭിപ്രായമുണ്ട്. ഇവിടെ പിണറായി അല്ല കക്ഷി. പിണറായിയുടെ മകള്‍ വീണയാണ്. ഇതിന്റെ പേരില്‍ പാര്‍ട്ടി എന്തിനാണ് രംഗത്തുവരുന്നത് എന്നാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന ചോദ്യം. കോടിയേരിയുടെ മകന് ബിനീഷ് കോടിയേരി അകത്തായപ്പോള്‍ ഇടപെടാതെ നിന്ന പാര്‍ട്ടി ഇപ്പോള്‍ എന്തിനാണ് ഇടപെടുന്നത് എന്ന ചോദ്യവും പാര്‍ട്ടിയില്‍ ശക്തമാണ്. എന്തായാലും ഇഡി താത്കാലത്തേക്ക് രക്ഷിച്ചിരിക്കുന്നത് പിണറായിയെ തന്നെയാണ്. പാര്‍ട്ടിയിലെ പിണറായി വിരുദ്ധര്‍ തലകുലുക്കി സമ്മതിക്കുന്നതും ഇതേ കാര്യം തന്നെയാണ്.
